റോഡിലെ കുഴിയടക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയില്‍ പ്രതിഷേധം ശക്തമാക്കുന്നു

വയനാട്: റോഡിലെ കുഴിയടക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയില്‍ പ്രതിഷേധം ശക്തമാക്കുന്നു. വയനാട് കല്‍പ്പറ്റയിലാണ്ശുചീകരണ പ്രവര്‍ത്തനം നടത്തിയ വിദ്യാര്‍ത്ഥികളെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയില്‍ എടുത്തത്.
സ്ഥിരമായി അപകടങ്ങള്‍ സംഭവിക്കാറുള്ള കല്‍പ്പറ്റ കൈനാട്ടി റോഡാണ് ഹര്‍ത്താല്‍ ദിവസം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് കുഴിയടക്കുകയും വൃത്തിയാക്കുകയും ചെയ്തത്. ഇവരെയാണ് എസ്പി യുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. വാഹനങ്ങള്‍ കടത്തിവിട്ടുകൊണ്ടാണ് റോഡ് വൃത്തിയാക്കിയതെന്നും യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

ഇതേ പ്രദേശത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ വിവാഹച്ചടങ്ങുകള്‍ക്ക് പോകുന്ന വാഹനങ്ങള്‍ അടക്കം തടഞ്ഞു നിര്‍ത്തി പ്രശ്നമുണ്ടാക്കിയപ്പോള്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത പൊലീസാണ് റോഡിലെ കുഴിയടച്ച വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തതെന്നും ആക്ഷേപമുണ്ട്. എന്നാല്‍ വാഹനം കടന്നുപോകുന്നതിന് തടസ്സം സൃഷ്ടിച്ചതുകൊണ്ടാണ് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് എസ്പി യുടെ വിശദീകരണം.

