KOYILANDY DIARY

The Perfect News Portal

റേഷന്‍ കടകളില്‍നിന്ന് സബ്സിഡിനിരക്കില്‍ ഭക്ഷ്യ ധാന്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി

ഡല്‍ഹി :  റേഷന്‍ കടകളില്‍നിന്ന് സബ്സിഡിനിരക്കില്‍ ഭക്ഷ്യ ധാന്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്ര ഭക്ഷ്യ-പൊതു വിതരണ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. നിലവില്‍ ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍, ജൂണ്‍ 30നുള്ളില്‍ ആധാര്‍ കാര്‍ഡിന് രജിസ്റ്റര്‍ചെയ്യണം. പുതിയതായി റേഷന്‍ കാര്‍ഡിന് അപേക്ഷിക്കുന്നവരും തിരിച്ചറിയല്‍ രേഖയായി ആധാര്‍ നല്‍കണം. ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീംകോടതി വിധി മറികടന്നാണ് സബ്സിഡി ഭക്ഷ്യധാന്യത്തിന് കേന്ദ്രസര്‍ക്കാര്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഖജനാവില്‍നിന്ന് പണം ചെലവിട്ടുള്ള സബ്സിഡികള്‍ കൈപ്പറ്റുന്ന പൗരന്മാര്‍, തിരിച്ചറിയല്‍ രേഖയായി ആധാര്‍ നിര്‍ബന്ധമായും സമര്‍പ്പിക്കണമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. പൊതു വിതരണ സമ്പ്രദായം സുതാര്യവും കാര്യക്ഷമവുമാക്കാന്‍ ഈ നീക്കം സഹായകമാകുമെന്നാണ് സര്‍ക്കാര്‍ വാദം. അസം, മേഘാലയ, ജമ്മു കശ്മീര്‍ എന്നിവയൊഴിച്ചുള്ള എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും വിജ്ഞാപനം ഉടന്‍ നടപ്പാക്കണം. സബ്സിഡി ലഭിക്കാന്‍ ആഗ്രഹമുള്ള ആധാറില്ലാത്ത ഗുണഭോക്താക്കള്‍ ജൂണ്‍ 30നകം നിര്‍ബന്ധമായും ഇതിനായി രജിസ്റ്റര്‍ചെയ്യണം. ആധാര്‍ നിര്‍ബന്ധമാക്കിയ തീരുമാനത്തിന് സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പ് വ്യാപകപ്രചാരണം നല്‍കണം. ആധാര്‍ രജിസ്ട്രേഷന്‍ കേന്ദ്രങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍, സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

ജൂണ്‍ 30നുള്ളില്‍ ആധാറിന് രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് സബ്സിഡി ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കില്ലെന്നാണ്  സൂചന. 2015 ആഗസ്തില്‍ പൊതുവിതരണസമ്പ്രദായത്തിലേക്കും പാചകവാതക സിലണ്ടര്‍ സബ്സിഡിയിലേക്കും ആധാര്‍ വ്യാപിപ്പിക്കാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി ഒരുകാരണവശാലും ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന കര്‍ശനനിര്‍ദേശം സര്‍ക്കാരിന് നല്‍കിയിരുന്നു. ഒക്ടോബറില്‍ ഏഴംഗ ഭരണഘടനാബെഞ്ചും ഈ നിര്‍ദേശം ആവര്‍ത്തിച്ചു. ആധാര്‍കാര്‍ഡ് സംബന്ധിച്ച നിരവധി പരാതികള്‍ ഇപ്പോഴും കോടതിയുടെ പരിഗണനയിലുണ്ട്. ഈ സാഹചര്യത്തില്‍, കോടതി ഉത്തരവ് മറികടന്ന്, സബ്സിഡി ഭക്ഷ്യധാന്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ നീക്കം കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടേക്കും.

Advertisements

സബ്സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതിന് പിന്നാലെ, രാജ്യത്തെ മുഴുവന്‍ റേഷന്‍കടകളിലും  കറന്‍സിരഹിത ഇടപാട് നിര്‍ബന്ധമാക്കാനും നീക്കം തുടങ്ങി.

 

Leave a Reply

Your email address will not be published. Required fields are marked *