റബര്‍ ടാപ്പിംഗ് തൊഴിലാളി അയല്‍വാസിയുടെ വെട്ടേറ്റ് മരിച്ചു

കൊല്ലം: റബര്‍ ടാപ്പിംഗ് തൊഴിലാളി അയല്‍വാസിയുടെ വെട്ടേറ്റ് മരിച്ചു. കടയ്ക്കല്‍ ചിതറ കൊല്ലായില്‍ സത്യമംഗലം ചിറവൂര്‍ മുനിയിരുന്ന കാലായില്‍ തോട്ടിന്‍കര വീട്ടില്‍ അശോകനാണ് (42)കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഒമ്പതരയ്ക്ക് വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തിലാണ് കൊലപാതകം നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസി തടത്തിവിള വീട്ടില്‍ അബ്ദുല്‍ റഹ്മാനെ (64) കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇരു വീട്ടുകാരും തമ്മില്‍ കഴിഞ്ഞ കുറെ നാളായി വസ്തുവിന്റെ പേരിലും മറ്റും നിലനിന്ന തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇന്നലെ രാത്രി അശോകന്‍ അബ്ദുള്‍ റഹ് മാന്റെ വീട്ടിലേക്ക് ടോര്‍ച്ച് അടിച്ചു നോക്കിയതാണ് പ്രകോപനത്തിന് കാരണമായതെന്ന് അബ്ദുല്‍ റഹ്മാന്‍ മൊഴി നല്‍കിയതായി സൂചനയുണ്ട്.

ഇരുവരുടെയും വീടുകള്‍ക്ക് മദ്ധ്യത്താണ് സംഭവം നടന്ന റബ്ബര്‍ തോട്ടം. തലയ്ക്കും കഴുത്തിനും വെട്ടേറ്റ അശോകന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. രാത്രി പതിനൊന്നരയ്ക്കാണ് കടയ്ക്കല്‍ പൊലീസ് വിവരം അറിയുന്നത്.

ഇന്ന് രാവിലെ കടയ്ക്കല്‍ സി. ഐ എസ്. സാനിയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. അബ്ദുല്‍ റഹ്മാന്‍ ഒളിവില്‍ പോകാന്‍ സാദ്ധ്യതയുള്ള സ്ഥലങ്ങള്‍ നിരീക്ഷിച്ച പൊലീസ് പ്രതിയെ മടത്തറയില്‍ താമസിക്കുന്ന സഹോദരിയുടെ വീടിന് സമീപത്ത് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.മരം കയറ്റ തൊഴിലാളിയായ അബ്ദുല്‍ റഹ്മാന്‍ വെട്ടുകത്തി ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.

