KOYILANDY DIARY

The Perfect News Portal

റണ്‍മഴ പെയ്ത കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തില്‍ അവസാന ചിരി ഇന്ത്യയ്ക്ക്

കട്ടക്ക് : ഇടിവെട്ടി റണ്‍മഴ പെയ്ത കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തില്‍ അവസാന ചിരി ഇന്ത്യയ്ക്ക്. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ നിമിഷങ്ങള്‍ക്കൊടുവില്‍ ഇംഗ്ലണ്ടിെനതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ വിജയം 15 റണ്‍സിന്. 382 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെ ബാറ്റെടുത്ത ഇംഗ്ലണ്ടിന്റെ പോരാട്ടം നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 366ല്‍ അവസാനിച്ചത് ഇന്ത്യയുടെ ഭാഗ്യം. ഏകദിനത്തിലെ ഒന്‍പതാം സെഞ്ചുറിയുമായി മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ട് മികച്ച പോരാട്ടം കാഴ്ചവച്ചെങ്കിലും ഇന്ത്യ ഉയര്‍ത്തിയ ലക്ഷ്യം മറികടക്കാനായില്ല. മോര്‍ഗന്‍ 81 പന്തില്‍ 102 റണ്‍സെടുത്ത് പുറത്തായി.

പ്ലങ്കറ്റ് 17 പന്തില്‍ 26 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ബുംറയെറിഞ്ഞ 49-ാം ഓവറില്‍ മോര്‍ഗന്‍ റണ്ണൗട്ടായതാണ് മല്‍സരത്തില്‍ നിര്‍ണായകമായത്. മൂന്നു വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രന്‍ അശ്വിന്‍ ഇന്ത്യയ്ക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ബുംറ രണ്ടും ജഡേജ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റു വീഴ്ത്തി. വിജയത്തോടെ മൂന്നു മല്‍സരങ്ങളടങ്ങിയ പരമ്ബരയും ഇന്ത്യ സ്വന്തമാക്കി. ഇതോടെ, ഏകദിനത്തില്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ആദ്യ പരമ്ബരയില്‍ കോഹ്‍ലിക്കും വിജയത്തുടക്കം. അവസാന മല്‍സരം ഞായറാഴ്ച കൊല്‍ക്കത്തയില്‍ നടക്കും.

അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ജേസണ്‍ റോയി (73 പന്തില്‍ 82), ജോ റൂട്ട് (55 പന്തില്‍ 54), മോയിന്‍ അലി (43 പന്തില്‍ 55) എന്നിവരും ഇംഗ്ലണ്ടിനായി മികച്ച പ്രകടനം കാഴ്ചവച്ചു. അലക്സ് ഹെയ്ല്‍സ് (14), ബെന്‍ സ്റ്റോക്സ് (1), ജോസ് ബട്ലര്‍ (10), ക്രിസ് വോക്സ് (5) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്മാന്‍മാര്‍. കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിന് ജേസണ്‍ റോയി-ജോ റൂട്ട് സഖ്യം സെഞ്ചുറി കൂട്ടുകെട്ട് (100) തീര്‍ത്ത് പ്രതീക്ഷ നല്‍കി. എന്നാല്‍, റൂട്ട്, ബെന്‍ സ്റ്റോക്സ്, ജോസ് ബട്ലര്‍ എന്നിവരെ പുറത്താക്കിയ അശ്വിന്‍ ഇംഗ്ലീഷ് നിരയ്ക്ക് കടിഞ്ഞാണിട്ടു. ഒരു വിക്കറ്റേ വീഴ്ത്താനായുള്ളുവെങ്കിലും 10 ഓവറില്‍ 45 റണ്‍സ് മാത്രം വിട്ടുകൊടുത്ത രവീന്ദ്ര ജഡേജയുടെ പ്രകടനവും ഇംഗ്ലണ്ട് സ്കോറിനെ നിയന്ത്രിച്ചുനിര്‍ത്താന്‍ ഇന്ത്യയ്ക്ക് സഹായകമായി. ആറാം വിക്കറ്റില്‍ മോയിന്‍ അലിയെ കൂട്ടുപിടിച്ച്‌ ക്യാപ്റ്റന്‍ മോര്‍ഗന്‍ 93 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും ഇന്ത്യന്‍ സ്കോര്‍ മറികടക്കാനായില്ല. എട്ടാം വിക്കറ്റില്‍ മോര്‍ഗന്‍-പ്ലങ്കറ്റ് സഖ്യം 25 പന്തില്‍ 50 റണ്‍സെടുത്ത് ഇന്ത്യയെ വിറപ്പിച്ചെങ്കിലും നിര്‍ഭാഗ്യകരമായ റണ്ണൗട്ടില്‍ മോര്‍ഗന്‍ കൂടാരം കയറിയതോടെ ഇന്ത്യയ്ക്ക് ജയം, പരമ്ബര.

Advertisements

നേരത്തെ, തകര്‍പ്പന്‍ സെഞ്ചുറികളുമായി കളം നിറ‍ഞ്ഞ യുവരാജ് സിങ്, മഹേന്ദ്ര സിങ് ധോണി എന്നിവരുടെ മികവില്‍ നിശ്ചിത 50 ഓവറില്‍ ഇന്ത്യ പടുത്തുയര്‍ത്തിയത് ആറു വിക്കറ്റ് നഷ്ടത്തില്‍ 381 റണ്‍സ്. ആദ്യ അഞ്ച് ഓവറിനിടെ ലോകേഷ് രാഹുല്‍, ശിഖര്‍ ധവാന്‍, വിരാട് കോഹ്‍ലി എന്നിവരെ ക്രിസ് വോക്സ് പറഞ്ഞയച്ചശേഷമായിരുന്നു യുവരാജ്-ധോണി സഖ്യത്തിന്റെ കിടിലന്‍ പ്രകടനം. പിന്നീട് യുവരാജിനെയും പുറത്താക്കിയ വോക്സ്, 10 ഓവറില്‍ 60 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തു.

ഏകദിന കരിയറിലെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ കുറിച്ച യുവരാജ് 127 പന്തില്‍ 150 റണ്‍സെടുത്താണ് മടങ്ങി. 21 ബൗണ്ടറികളും മൂന്നു സിക്സും നിറം ചാര്‍ത്തിയതായിരുന്നു യുവരാജിന്റെ 14-ാം ഏകദിന സെഞ്ചുറി. 2011നു ശേഷം യുവരാജിന്റെ ആദ്യ ഏകദിന സെഞ്ചുറിയാണ് കട്ടക്ക് ബാരാബതി സ്റ്റേഡിയത്തില്‍ പിറന്നത്. 10-ാം ഏകദിന സെഞ്ചുറി കുറിച്ച ധോണി 122 പന്തില്‍ 10 ബൗണ്ടറിയും ആറു സിക്സുമുള്‍പ്പെടെ 134 റണ്‍സെടുത്തു. തുടക്കത്തില്‍ യുവരാജിന് പിന്തുണ നല്‍കി ഒതുങ്ങി നിന്ന ധോണി, യുവി മടങ്ങിയതോടെ വിശ്വരൂപം കാട്ടി. ഒടുവില്‍ ഏകദിനത്തില്‍ 200ല്‍ അധികം സിക്സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയാണ് അദ്ദേഹം മടങ്ങിയത്.

മൂന്നിന് 25 റണ്‍സെന്ന നിലയില്‍ ഇന്ത്യ പതറുമ്ബോള്‍ ക്രീസില്‍ ഒരുമിച്ച യുവരാജും ധോണിയും 43-ാം ഓവറില്‍ പിരിയുമ്ബോള്‍ ഇന്ത്യ സ്കോര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത് 281 റണ്‍സ്! നാലാം വിക്കറ്റില്‍ 38.2 ഓവര്‍ ക്രീസില്‍നിന്ന ഇരുവരും 6.67 റണ്‍ ശരാശരിയില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത് 256 റണ്‍സ്. അതിനിടെ, നാലാം വിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തേയും ഉയര്‍ന്ന രണ്ടാമത്തെ കൂട്ടുകെട്ട്, ഇംഗ്ലണ്ടിനെതിരെ എക്കാലത്തെയും ഉയര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട് എന്നീ നേട്ടങ്ങളും ഇരുവരും സ്വന്തം പേരിലാക്കി. മറികടന്നത് ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഹാഷിം അംല-എ.ബി. ഡിവില്ലിയേഴ്സ് സഖ്യം 2012ല്‍ കൂട്ടിച്ചേര്‍ത്ത 172 റണ്‍സിന്റെ റെക്കോര്‍‍ഡ്. 64 ഇന്നിങ്സുകള്‍ക്കിടെ ഇരുവരും സെഞ്ചുറി കൂട്ടുകെട്ട് തീര്‍ക്കുന്നത് ഇത് 10-ാം തവണയാണ്.

യുവരാജ് പുറത്തായതിന് പിന്നാലെ സ്കോര്‍ ഉയര്‍ത്തുക എന്ന ഒറ്റ ലക്ഷ്യവുമായി കളത്തിലെത്തിയ കേദാര്‍ യാദവ് (10 പന്തില്‍ മൂന്നു ബൗണ്ടറിയും ഒരു സിക്സുമുള്‍പ്പെടെ 22), ഹാര്‍ദിക് പാണ്ഡ്യ (ഒന്‍പത് പന്തില്‍ 19), രവീന്ദ്ര ജഡേജ (എട്ടു പന്തില്‍ 16) എന്നിവര്‍ സ്വന്തം റോള്‍ ഭംഗിയാക്കിയതോടെ 50 ഓവര്‍ പിന്നിടുമ്ബോള്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിലെത്തിയത് 381 റണ്‍സ്. ആദില്‍ റഷീദിനു പകരം ഈ മല്‍സരത്തില്‍ ഇടം ലഭിച്ച ലിയാം പ്ലങ്കറ്റ് 10 ഓവറില്‍ 91ഉം ജെയ്ക്ക് ബാള്‍ 10 ഓവറില്‍ 80 റണ്‍സും വിട്ടുകൊടുത്തു. ഒന്‍പത് ഓവര്‍ ബോള്‍ ചെയ്ത ബെന്‍ സ്റ്റോക്സ് 79 റണ്‍സ് വിട്ടുനല്‍കി.

Leave a Reply

Your email address will not be published. Required fields are marked *