രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പ്രഭാത ഭക്ഷണം നല്കുന്ന പദ്ധതിക്ക് തുടക്കമായി

കോഴിക്കോട്: ചേവായൂര്‍ മദര്‍ തെരേസ കെയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പ്രഭാത ഭക്ഷണം നല്കുന്ന പദ്ധതിക്ക് തുടക്കമായി. താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയല്‍ ഉദ്ഘാടനം ചെയ്തു. 2000 പേര്‍ക്കുള്ള ഭക്ഷണമാണ് ഇന്നലെ വിതരണം ചെയ്തത്. വെള്ളപ്പം,കടലക്കറി, മുട്ട എന്നിവയടങ്ങുന്ന ഭക്ഷണമാണ് നല്‍കിയത്. എല്ലാ ദിവസവും ഭക്ഷണ വിതരണമുണ്ടാകുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.
എ. പ്രദീപ്കുമാര്‍ എംഎല്‍എ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, ആശുപത്രി സൂപ്രണ്ട് ഡോ.ശ്രീജയന്‍, പറോപ്പടി സെന്റ്ആന്റണീസ് ഫൊറോന വികാരി ഫാ. ജോസ് ഓലിയക്കാട്ടില്‍, ഫാ.മനോജ് പ്ലാക്കൂട്ടത്തില്‍, ടോണി കുഴിക്കാട്ട്, എം. രാജന്, ഡോ.ചാക്കോ കാളംപറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

