KOYILANDY DIARY

The Perfect News Portal

രാസകീടനാശിനികള്‍ തളിച്ച പച്ചക്കറികള്‍ നിരോധിക്കാന്‍ കര്‍ശന നപടിയെടുക്കുo; മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി :  ആരോഗ്യത്തിനു ഹാനികരമായ ഭക്ഷ്യവസ്തുക്കളും രാസകീടനാശിനികള്‍ തളിച്ച പച്ചക്കറികളും നിരോധിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍വഴി കര്‍ശന നപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സിപിഐ എം നേതൃത്വത്തില്‍ വിവിധ സഹകരണബാങ്കുകളുടെ സഹായത്തോടെ രാജേന്ദ്രമൈതാനിയില്‍ സംഘടിപ്പിച്ച ജൈവകാര്‍ഷിക വിപണനമേളയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യ ബോധവല്‍ക്കരണത്തിനൊപ്പം ഭക്ഷ്യവസ്തുക്കളിലെ വിഷാംശം കണ്ടെത്താനുള്ള പരിശോധന ഊര്‍ജിതമാക്കാന്‍ അതതു വകുപ്പുകളോട് നിഷ്കര്‍ഷിച്ചിട്ടുണ്ട്. ജീവിതശൈലീരോഗങ്ങള്‍ മാരകമാംവിധം വര്‍ധിക്കുകയാണ്. കഴിക്കുന്ന ഭക്ഷണത്തിലെ വിഷാംശങ്ങളും രോഗത്തിനു കാരണമാകുന്നു. ചിട്ടയായ ജീവിതശൈലിക്കൊപ്പം കഴിക്കുന്ന ഭക്ഷണവും വിഷമുക്തമായിരിക്കണം. സര്‍ക്കാര്‍തലത്തില്‍ ഇത് ഉറപ്പുവരുത്താന്‍ കൃത്യമായ പരിശോധനകളുണ്ടാകും. പച്ചക്കറികള്‍ വിഷമുക്തമാക്കുന്നതിന്റ ഭാഗമായാണ് ജൈവകൃഷിക്ക് ഊന്നല്‍നല്‍കുന്നത്.

സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയില്‍ നടപ്പാക്കുന്ന ഹരിതകേരളം പദ്ധതി ഈ ലക്ഷ്യം മുന്നില്‍ക്കണ്ടാണ്. കേരളത്തെ മാലിന്യമുക്തമാക്കുന്നതിനൊപ്പം കാര്‍ഷികസമൃദ്ധവുമാക്കുകയെന്നതാണ് ഹരിതകേരളത്തിന്റെ ലക്ഷ്യം. പദ്ധതിയിലുടെ ജൈവപച്ചക്കറിക്കൃഷി വ്യാപിപ്പിക്കും. സംസ്ഥാനത്തെ പച്ചക്കറിയുല്‍പ്പാദനം പരമാവധി വര്‍ധിപ്പിക്കും. നാടിന്റെ ആവശ്യം കഴിഞ്ഞ് അധികമുള്ളത് കയറ്റിയയ്ക്കാനുള്ള സംവിധാനമുണ്ടാക്കും. കൃഷിവകുപ്പ് ഇതിന്റെ നടപടികള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു– പിണറായി പറഞ്ഞു.

Advertisements