രാരോത്ത് സ്‌കൂളിന് ഇന്ന് അവധി; സ്കൂളില്‍ ഇന്ന് കലക്ടറുടെ സാന്നിധ്യത്തില്‍ യോഗം
 
        താമരശ്ശേരി: കെട്ടിടം തകര്‍ന്നു വീണ താമരശ്ശേരി പരപ്പന്‍പൊയില്‍ രാരോത്ത് ഗവ. ഹൈസ്‌കൂളില്‍ ബുധനാഴ്ച പകല്‍ 12ന് കലക്ടറുടെ സാന്നിധ്യത്തില്‍ യോഗം ചേരും. സ്‌കൂളിന്റെ തുടര്‍ പ്രവര്‍ത്തനം സംബന്ധിച്ച് കാര്യങ്ങള്‍ ആലോചിക്കുന്നതിനായാണ് യോഗം ചേരുന്നത്. സ്‌കൂളിന് ബുധനാഴ്ച അവധി നല്‍കിയിട്ടുണ്ട്.
ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് രാരോത്ത് ഗവ. ഹൈസ്‌കൂളിലെ യുപി വിഭാഗത്തിലെ മൂന്ന് ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്ന ഓട് മേഞ്ഞ പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണത്. ചുമര്‍ വീണതോടെ ഓട്‌മേഞ്ഞ മേല്‍ക്കൂരയുടെ ഭാഗവും തകര്‍ന്നു വീഴുകയായിരുന്നു.രാവിലത്തെ കനത്ത മഴയെ തുടര്‍ന്ന് പല ക്ലാസുകളിലും ഹാജര്‍ കുറവായതിനാല്‍ സ്‌കൂള്‍ നേരത്തെ വിട്ടിരുന്നു.

നാല്, അഞ്ച്, ആറ് ക്ലാസുകളിലായി നൂറോളം വിദ്യാര്‍ഥികളാണ് ഈ കെട്ടിടത്തില്‍ പഠിക്കുന്നത്. മുക്കത്ത് നിന്നുള്ള ഫയര്‍ഫോഴ്‌സും താമരശ്ശേരി പൊലിസും സ്ഥലത്തെത്തി. താമരശ്ശേരി തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ്, താമരശ്ശേരി എഇഒ മുഹമ്മദ് അബ്ബാസ് എന്നിവരും സ്ഥലത്തെത്തി.



 
                        

 
                 
                