KOYILANDY DIARY

The Perfect News Portal

രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന്‌ തിരിതെളിയും

തിരുവനന്തപുരം > ഇരുപത്തൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന്‌ തിരിതെളിയും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. നടനും സംവിധായകനുമായ അമോല്‍ പലേക്കര്‍ മുഖ്യാതിഥിയാകും. ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം വിഖ്യാത ചെക്കോസ്ളോവാക്യന്‍ സംവിധായകന്‍ ജിറി മെന്‍സിലിന് മുഖ്യമന്ത്രി സമ്മാനിക്കും. സാംസ്കാരികമന്ത്രി എ കെ. ബാലന്‍ അധ്യക്ഷനാകും. ധനമന്ത്രി തോമസ് ഐസക് ഫെസ്റ്റിവല്‍ ബുക്ക് മേയര്‍ വി കെ പ്രശാന്തിന് നല്‍കി പ്രകാശനം ചെയ്യും.

മേളയില്‍ 62 രാജ്യത്തുനിന്നുള്ള 185 ചിത്രമാണ് പ്രദര്‍ശനത്തിന് എത്തുന്നത്. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 15 ചിത്രവും ലോകസിനിമാ വിഭാഗത്തില്‍ 81 ചിത്രവും പ്രദര്‍ശിപ്പിക്കും. രണ്ടു മലയാള സംവിധായകരുടെ ചിത്രങ്ങളുള്‍പ്പെടെ നാല് ഇന്ത്യന്‍ സിനിമയാണ് മത്സരവിഭാഗത്തിലുള്ളത്. വിധു വിന്‍സന്റ് സംവിധാനം ചെയ്ത മാന്‍ഹോള്‍, ഡോ. ബിജുവിന്റെ കാട് പൂക്കുന്ന നേരം എന്നീ ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ള മലയാളചിത്രങ്ങള്‍. അഭയാര്‍ഥിപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മൈഗ്രേഷന്‍ വിഭാഗവും ലിംഗസമത്വം ചര്‍ച്ച ചെയ്യുന്ന ജന്‍ഡര്‍ ബെന്‍ഡര്‍ വിഭാഗവും ഇത്തവണത്തെ മേളയുടെ സവിശേഷതയാണ്. ഇന്ത്യന്‍ സിനിമ ഇപ്പോള്‍, മലയാളസിനിമ ഇന്ന്, ലോകസിനിമ തുടങ്ങിയ വിഭാഗങ്ങളിലായി മികച്ച ചിത്രങ്ങളാണ് ഇത്തവണ മേളയില്‍ എത്തിയിരിക്കുന്നത്. അറബ്രാജ്യങ്ങളില്‍നിന്ന് പലായനം ചെയ്യുന്നവരുടെ ദുരിതം തീവ്രമായ ഭാഷയില്‍ ആവിഷ്കരിക്കുന്ന അഫ്ഗാന്‍ ചിത്രം പാര്‍ടിങ്ങാണ് ഉദ്ഘാടനചിത്രം. പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മെഹ്സന്‍ മക്മല്‍ബഫ് സംവിധാനം ചെയ്ത ദ നൈറ്റ്സ് ഓഫ് സയന്‍ദേ- റൂഡ് എന്ന ചിത്രവും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം നഗരത്തിലെ 13 തിയറ്ററിലായാണ് പ്രദര്‍ശനം. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 2500 പേര്‍ക്ക് സിനിമ കാണാന്‍ സൌകര്യമൊരുക്കിയിട്ടുണ്ട്. എല്ലാ തിയറ്ററിലുമായി ഏകദേശം 9000 സീറ്റ് സജ്ജമാക്കിയിട്ടുണ്ട്. സിനിമകളെക്കുറിച്ചും പ്രദര്‍ശനത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ അറിയാന്‍ മൊബൈല്‍ ആപും സീറ്റ് റിസര്‍വ് ചെയ്യാന്‍ എസ്എംഎസ് സംവിധാനവും ഉള്‍പ്പെടെ ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മേളയുടെ സമാപനസമ്മേളനവും അവാര്‍ഡ് വിതരണവും 16ന് വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും.

Advertisements

 

Leave a Reply

Your email address will not be published. Required fields are marked *