രാജ്യസഭയിലേക്ക് പൊതുസമ്മതന് മതിയെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി

ന്യൂഡൽഹി: സീതാറാം യെച്ചൂരിയുടെ കാലാവധി അവസാനിക്കുന്നതോടെ ബംഗാളിൽ ഒഴിവുവരുന്ന രാജ്യസഭ സീറ്റിൽ പ്രതിപക്ഷത്തിനുകൂടി പൊതുസമ്മതനായ സ്വതന്ത്ര സ്ഥാനാർഥിയെ മത്സരിപ്പിക്കണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി ബംഗാൾ സംസ്ഥാന ഘടകത്തോട് നിർദേശിച്ചു. യെച്ചൂരിക്ക് മൂന്നാം തവണയും മത്സരിക്കാൻ അവസരംനൽകണമെന്ന നിർദേശത്തിെനതിരായ പി.ബി നിലപാട് പുനഃപരിശോധിക്കണമെന്ന ബംഗാൾ ഘടകത്തിെൻറ ആവശ്യം തള്ളിയാണ് കേന്ദ്ര കമ്മിറ്റി തീരുമാനം.
പ്രതിപക്ഷവുമായി സമവായത്തിലെത്താൻ കഴിഞ്ഞില്ലെങ്കിൽ ബംഗാളിലെ ഇടതുമുന്നണി ഒറ്റക്ക് മത്സരിക്കണമെന്നും കേന്ദ്ര കമ്മിറ്റി നിർദേശിച്ചു. ഇതേതുടർന്ന് ബുധനാഴ്ച കേന്ദ്ര കമ്മിറ്റി അവസാനിക്കുംമുമ്പ് ബംഗാൾ ഇടതുമുന്നണി കൺവീനർ ബിമൻബസു അടക്കമുള്ള നേതാക്കൾ മടങ്ങി. ബുധനാഴ്ച വൈകീട്ട് മുന്നണി യോഗവും ചേർന്നു.

ബംഗാളിൽ ഒഴിവുവരുന്ന ആറ് രാജ്യസഭ സീറ്റുകളിൽ വിജയസാധ്യതയുള്ള ഒരു സീറ്റിൽ പ്രതിപക്ഷ കക്ഷികൾക്ക് പരസ്പര പിന്തുണയില്ലാതെ കടന്നുകൂടാനാവില്ല. ജയിക്കാൻ േവണ്ട 43 വോട്ടിന് 17 കുറവാണ് സി.പി.എമ്മിന്.

ആഗസ്റ്റ് 18ന് കാലാവധി അവസാനിക്കുന്ന യെച്ചൂരിയെ മത്സരിപ്പിക്കാൻ തീരുമാനിച്ചാൽ ഉപാധിയില്ലാതെ പിന്തുണക്കാമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. സി.പി.എം ബംഗാൾ ഘടകം യെച്ചൂരിയുടെ പേര് മാത്രമാണ് രാജ്യസഭയിലേക്ക് നിർദേശിച്ചതും. തുടർന്നാണ് വിഷയം പി.ബിയിലേക്കും ഒടുവിൽ സി.സി തള്ളുന്നതിലേക്കും എത്തിയത്. യെച്ചൂരി ഇല്ലെന്ന് വ്യക്തമായതോടെ കോൺഗ്രസ് സ്വന്തം സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നതിൽ ആലോചന ശക്തമാക്കി. രാഷ്ട്രപതി സ്ഥാനാർഥിയായിരുന്നു മീരകുമാറിെൻറ പേര് അടക്കം പരിഗണനയിലുണ്ട്. യെച്ചൂരി അല്ലെങ്കിൽ സീറ്റിന് അവകാശവാദം ഉന്നയിക്കണമെന്നാണ് ഇടതു മുന്നണിയിൽ ഫോർവേഡ് ബ്ലോക്ക് അടക്കമുള്ള കക്ഷികൾ വാദിക്കുന്നത്.

