KOYILANDY DIARY.COM

The Perfect News Portal

രാജ്യദ്രോഹത്തിന് കേസെടുത്തതിനെതിരെ പ്രധാനമന്ത്രിക്ക് തുറന്ന കത്തുമായി പ്രമുഖര്‍

മുംബൈ: പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരില്‍ രാജ്യദ്രോഹത്തിന് കേസെടുത്തതിനെതിരെ പ്രധാനമന്ത്രിക്ക് തുറന്ന കത്തുമായി പ്രമുഖര്‍. ബോളിബുഡ് നടന്‍ നസറുദ്ദീന്‍ ഷാ, ചരിത്രകാരി റോമില ഥാപ്പര്‍ എന്നിവരുള്‍പ്പെടെ 180 പേരാണ് വിഷയത്തില്‍ രംഗത്ത് വന്നിരിക്കുന്നത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് രാജ്യത്ത് ആള്‍കൂട്ട കൊലപാതകങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള 49 പ്രമുഖര്‍ പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയത്.

വിഷയത്തില്‍ അഭിഭാഷകനായ എസ്.കെ ഓജയുടെ ഹര്‍ജിയെതുടര്‍ന്ന് കോടതി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു. രാജ്യദ്രോഹം, പൊതുജന ശല്യം തുടങ്ങിയ കുറ്റങ്ങള്‍ആരോപിച്ചാണ് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ഒപ്പവെച്ച 49 പേര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിനെതിരെയാണ് ഇപ്പോള്‍ 180 പേര്‍ ഒപ്പിട്ട പ്രതിഷേധ കത്ത് പുറത്തുവന്നിരിക്കുന്നത്.

പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതുന്നത് എങ്ങനെയാണ് രാജ്യദ്രോഹകുറ്റമാകുന്നതെന്ന് ഇവര്‍ ചോദിക്കുന്നു. രാജ്യത്ത് ആള്‍കൂട്ട ആക്രമണങ്ങള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പൊതുസമൂഹത്തിനോടുള്ള തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റിയതിനാണ് അവര്‍ക്കെതിരെ കുറ്റം ചുമത്തിയതെന്ന് 180 പേര്‍ ഒപ്പിട്ട കത്തില്‍ പറയുന്നു.

Advertisements

എഴുത്തുകാരായ അശോക് വാജ്‌പേയി, ജെറി പിന്റോ, ജെ.എന്‍.യു പ്രൊഫസര്‍ ഇറാ ഭാസ്‌കര്‍, കവി ജീത് തയില്‍, എഴുത്തുകാരന്‍ ഷംസുള്‍ ഇസ്ലാം, സംഗീതജ്ഞന്‍ ടി.എം. കൃഷ്ണ തുടങ്ങിയ പ്രമുഖരാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്. ജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്തുന്നതിനെതിരെ ഇനിയും ശബ്ദമുയര്‍ത്തുമെന്നും കത്തില്‍ ഇവര്‍ സൂചിപ്പിക്കുന്നു.

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച പ്രമുഖര്‍ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന് നടനും രാഷ്ട്രീയ നേതാവുമായ കമല്‍ ഹാസനും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *