രാജ്യത്ത് വര്‍ഗീയത പടരുകയാണെന്ന് ഡോ. ടി എന്‍ സീമ പറഞ്ഞു

കൊയിലാണ്ടി : നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം രാജ്യത്ത് വര്‍ഗീയത പടരുകയാണെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ടി എന്‍ സീമ പറഞ്ഞു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സമ്മേളനം കൊയിലാണ്ടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
മോഡിയെ പ്രധാനമന്ത്രിയാക്കാന്‍ കോര്‍പറേറ്റുകള്‍ പണമൊഴുക്കി. സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം നിരവധി ക്ഷേമപദ്ധതികള്‍ വെട്ടിക്കുറച്ചു. ആശങ്ക വര്‍ധിപ്പിക്കുന്ന രീതിയില്‍ മതതീവ്രവാദം പടരുകയാണ്. ഒരുമയുടെ മഹത്വം പറയുന്ന ഓണത്തെ പോലും അമിത്ഷായെപ്പോലുള്ളവര്‍ വാമനജയന്തിയാക്കി മാറ്റി.

ലോകത്ത് എന്ത് പ്രശ്നമുണ്ടെങ്കിലും സ്ത്രീകളാണ് ആദ്യ ഇരകള്‍. പഴയതിനേക്കാള്‍ സങ്കീര്‍ണമായ പ്രശ്നങ്ങളാണ് ഇന്ന് സ്ത്രീകള്‍ നേരിടുന്നത്. ആഗോളവത്കരണത്തിന്റെ കെടുതികള്‍ സാധാരണ ആളുകളാണ് കൂടുതല്‍ അനുഭവിക്കുന്നത്. എന്നാല്‍, ഇടതുപക്ഷ–സോഷ്യലിസ്റ്റ് ഭരണകൂടം ഉള്ളയിടത്ത് സ്ത്രീകളുടെ അവസ്ഥ മറ്റ് ദരിദ്രരാജ്യങ്ങളുടെ അത്രയും അധഃപതിച്ചിട്ടില്ല. നിയമങ്ങളുണ്ടായിട്ടും സ്ത്രീധനം പോലുള്ള സമ്പ്രദായങ്ങള്‍ നിലനില്‍ക്കുന്നു–ടി എന്‍ സീമ പറഞ്ഞു.

