യോഗാ അംബാസിഡമാര്ക്ക് കുമളിയില്‍ സ്വീകരണം നല്കി

കുമളി: സംസ്ഥാനത്ത് യോഗാ ടൂറിസം സര്‍ക്യൂട്ട് ഒരുക്കുന്നതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ യോഗാ അംബാസിഡമാര്ക്ക് കുമളിയില്‍ സ്വീകരണം നല്കി. 22 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള അറുപതോളം യോഗാ അംബാസിഡര്‍മാരാണ് തേക്കടിയില്‍ എത്തിയത്. കേന്ദ്ര ആയുഷ് മന്ത്രാലയവും, സംസ്ഥാന ടൂറിസം വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
യോഗ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി കേരളത്തിലേക്ക് കൂടുതല്‍ വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുമായാണ് ഇത്. തിരുവനന്തപുരത്തു നിന്നും ആരംഭിച്ച പരിപാടി 22 ന് കൊച്ചിയില്‍ സമാപിക്കും. ഇവരുടെ സന്ദര്‍ശനം ഇടുക്കിയിലെ തേക്കടിയും മൂന്നാറും ഉള്‍പ്പെടെയുള്ള മേഖലകളുടെ ടൂറിസം വളര്‍ച്ചക്ക് ഒരു മുതല്‍ കൂട്ടാണെന്നാണ് സംഘാടകര്‍ കരുതുന്നത്. കുമളിയില്‍ എത്തിയ യോഗാ അംബാസഡര്‍മാര്‍ക്ക് തേക്കടി ടൂറിസം കോഓഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്.

കുളത്തുപ്പാലം ജംഗ്ഷനില്‍ നിന്നും സ്വീകരിച്ച് കോണ്ടോടി ഗ്രീന്‍ വുഡ്സ് റിസോര്‍ട്ടില്‍ എത്തിയപ്പോള്‍ സംഘത്തിലുള്ളവരെ ഏലക്കാ മാല അണിയിച്ച് ചുക്കുകാപ്പി നല്‍കിയാണ് സ്വീകരിച്ചത്. പരിപാടിയില്‍ വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളും ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവരും പങ്കെടുത്തു.

