യുവാവ് മരത്തിൽക്കയറിയത് നാട്ടുകാരെ പരിഭ്രാന്തരാക്കി

തിരുവനന്തപുരം: പേരൂർക്കടയിൽ മാനസികവിഭ്രാന്തിയുള്ള യുവാവ് മരത്തിൽക്കയറിയത് നാട്ടുകാരെ പരിഭ്രാന്തരാക്കി. പത്തനംതിട്ട സ്വദേശിയായ 40 വയസുകാരനാണ് സെക്രട്ടറിയേറ്റിന്റെ പ്രധാന കവാടത്തിന് സമീപത്തെ മരത്തിൽ കയറിയത്.
പുലർച്ചെ 6.15നായിരുന്നു സംഭവം. മാനസികവിഭ്രാന്തിമൂലം അലഞ്ഞുതിരിഞ്ഞു നടക്കുന്ന യുവാവ് സെക്രട്ടറിയേറ്റ് പരിസരത്ത് എത്തിപ്പെടുകയായിരുന്നുവെന്ന് കന്റോണ്‍മെന്റ് പോലീസ് അറിയിച്ചു. യുവാവ് തണൽമരത്തിൽ കയറിനിൽക്കുന്നതു കണ്ട ചിലരാണ് വിവരം പോലീസിലും ഫയർഫോഴ്സിലും അറിയിച്ചത്. ചെങ്കൽച്ചുള്ളയിൽ നിന്ന് സ്റ്റേഷൻ ഓഫീസർ ജി. സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ ഡ്രൈവർമാരായ ശിവകുമാർ, അരുണ്‍ലാൽ എന്നിവർ മരത്തിനു സമീപം നിലയുറപ്പിച്ചു.

ഫയർഫോഴ്സ് എത്തുന്പോൾ യുവാവ് മരത്തിൽനിന്നു ശിഖരത്തിലേക്ക് കയറുകയായിരുന്നു. മരത്തിൽനിന്ന് ഇറങ്ങണമെന്ന് ഫയർഫോഴ്സും പോലീസും നിരവധി തവണ ആവശ്യപ്പെട്ടിട്ടും യുവാവ് ഇറങ്ങിയില്ല. ഒടുവിൽ ഡ്രൈവർമാർ ചേർന്ന് മരത്തിൽക്കയറി യുവാവിനെ താഴെയിറക്കാൻ ശ്രമം തുടങ്ങി. ഫയർഫോഴ്സിന്റെ ഈ നീക്കം അറിഞ്ഞതോടെ യുവാവ് മരത്തിന്റെ ഒരുകോണിൽ ഇരിപ്പുതുടങ്ങി. കയർ ഉപയോഗിച്ച് ശരീരത്തിൽ കെട്ടിയശേഷം യുവാവിനെ പിന്നീട് താഴെയിറക്കുകയായിരുന്നു. ഫയർഫോഴ്സ് താഴെയെത്തിച്ച യുവാവിനെ പിന്നീട് കനന്റോണ്മെന്റ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. മനോവിഭ്രാന്തി മൂലമാണ് യുവാവ് മരത്തിൽ കയറിയതെന്നും ആത്മഹത്യാ ശ്രമമല്ലെന്നും കന്റോണ്‍മെന്റ് പോലീസ് പറഞ്ഞു.

