KOYILANDY DIARY

The Perfect News Portal

യുവ തലമുറക്ക് ദിശാ ബോധം നല്‍കാനുള്ള പ്രവര്‍ത്തനങ്ങളുമായി കോഴിക്കോട് സര്‍ക്കാര്‍ നഴ്സിംഗ് കോളെജ്

കോഴിക്കോട്: അപകടങ്ങളില്‍ കിടക്കുന്നവരുടെ ഫോട്ടോയെടുത്ത് ആഘോഷമാക്കുന്ന യുവ തലമുറക്ക് ദിശാ ബോധം നല്‍കാനുള്ള പ്രവര്‍ത്തനങ്ങളുമായി കോഴിക്കോട് സര്‍ക്കാര്‍ നഴ്സിംഗ് കോളെജ്. പരുക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി ജീവന്‍ രക്ഷിക്കാന്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കാന്‍ പ്രത്യേക പരിശീലനം നല്‍കുകയാണ് നഴ്സിംഗ് കോളെജിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും. പ്രായോഗിക പരിശീലനത്തോടൊപ്പം യുവ തലമുറയിലെ മാനസിക വൈകൃതം ഇല്ലാതാക്കാനുള്ള കൗണ്‍സിലിംഗും പദ്ധതിയുടെ ഭാഗമായി നടക്കും.

വാഹനാപകടങ്ങളില്‍ പെട്ട് പരുക്കേറ്റ് കിടക്കുന്നവരുടെ ഫോട്ടോ പകര്‍ത്തി ആസ്വദിക്കുന്ന പ്രവണത വര്‍ധിക്കുന്ന സാഹചര്യത്തിലാണ് യുവ തലമുറക്ക് പ്രത്യേക പരിശീലനവുമായി കോഴിക്കോട് ഗവണ്‍മെന്റ് നഴ്സിംഗ് കോളെജിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും രംഗത്തിറങ്ങിയത്. പരുക്കേറ്റവര്‍ക്ക് നല്‍കേണ്ട പ്രാഥമിക ചികിത്സകളും മുന്‍ കരുതല്‍ നടപടികളുമാണ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നത്. ജെആര്‍സി, എന്‍എസ്‌എസ്, സ്കൗട്ട് ആന്റ് ഗൈഡ്, എസ്പിസി തുടങ്ങിയ വളണ്ടിയര്‍മാര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. വളര്‍ന്നു വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പരിശീലനം സമൂഹത്തിന് കൂടുതല്‍ പ്രയോജനം ചെയ്യുമെന്ന് പന്നൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂള്‍ പ്രധാനാധ്യാപിക കുഞ്ഞാത്തു പറഞ്ഞു.

സാരമായി പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കേണ്ട വിധവും അബോധാവസ്ഥയിലുള്ളവര്‍ക്ക് നല്‍കേണ്ട പ്രാഥമിക ചികിത്സകളും വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ചു. പരുക്കേറ്റവരെ സഹായിക്കണമെന്ന മനോഭാവം വിദ്യാര്‍ത്ഥികളില്‍ വളര്‍ന്നുവരാന്‍ ഉതകുന്ന രീതിയിലാണ് പരിശീലനം നല്‍കുന്നതെന്ന് കോഴിക്കോട് സര്‍ക്കാര്‍ നഴ്സിംഗ് കോളെജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍ അനീഷ് കുമാര്‍ പറഞ്ഞു. പന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന പരിശീലനം ജില്ലാ പഞ്ചായത്തംഗം എംഎ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *