യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും അറസ്റ്റ് ചെയ്തു

തൃശൂര്‍: ചെറുതുരുത്തി ദേശമംഗലത്ത് യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മരിച്ച റിനിയുടെ ഭര്‍ത്താവ് വെങ്കട എന്ന പേരില്‍ അറിയപ്പെടുന്ന ഷാജു, അമ്മ കാളി എന്നിവരെയാണ് ക്രൈംബ്രാഞ്ച് , ചെറുതുരുത്തി പോലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. സ്ത്രീധന നിരോധന നിയമം അനുസരിച്ച് ആത്മഹത്യാപ്രേരണകുറ്റം ചുമത്തിയാണ് അറസ്റ്റ്.
തിരുവനന്തപുരം ധനുവച്ചപുരം നെടിയന്‍കോട് വീട്ടില്‍ റൂബിയുടെ മകള്‍ റിനിയ്ക്ക് മാര്‍ച്ച് അഞ്ചിനാണ് ഗുരുതരമായി പൊള്ളലേറ്റത്. മാര്‍ച്ച് 18ന് റിനി മരിക്കുകയും ചെയ്തു. സ്ത്രീധന പീഡന നിരോധന നിയമപ്രകാരമാണ് ക്രൈംബ്രാഞ്ച് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. തുടര്‍ അന്വേഷണത്തില്‍ തെളിവ് ലഭിക്കുന്നതു പ്രകാരം കൊലപാതക കുറ്റവും ഇവര്‍ക്കെതിരേ ചുമത്തുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. നേരത്തെ അയല്കാരുടെയും റിനിയെ പ്രവേശിപ്പിച്ച ആശുപത്രി ജീവനക്കാരുടെയും മൊഴിയും സംഘം ശേഖരിച്ചിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ് മരണപ്പെട്ട റിനിയുടെ മരണം ആത്മഹത്യയാക്കി മാറ്റാന്‍ പോലീസ് ശ്രമിച്ചതായി യുവതിയുടെ വീട്ടുകാര്‍ ആരോപിച്ചിരുന്നു. ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി എന്ന യുവതിയുടെ മരണ മൊഴി പോലീസ് തിരുത്തിയതായാണ് ആരോപണം.

റിനി സ്വയം മണ്ണെണ ഒഴിച്ച് തീകൊളുത്തിയതാണെന്നാണ് പോലീസിന്റെ മൊഴിയിലുള്ളത്. എന്നാല്‍ മകളുടെ മരണ മൊഴി പോലീസ് തിരുത്തിയെന്നും റിനിയെ ഭര്‍തൃവീട്ടുകാരാണ് കൊലപ്പെടുത്തിയതെന്നും റൂബി മാധ്യമങ്ങള്‍ വഴി ആരോപിച്ചതോടെയാണ് കേസിന് പുതിയ വഴിതിരിവുണ്ടായത്.

ഭര്‍ത്താവും വീട്ടുകാരും സ്ത്രീ ധനത്തിന്റെ പേരില്‍ തന്നെ മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നുവെന്നായിരുന്നു റിനിയുടെ മൊഴി. എന്നാല്‍ ഭര്‍ത്താവും അമ്മയും സഹോദരിമാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന്റെ മനോവിഷമത്തില്‍ സ്വയം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി എന്നാണ് പോലീസ് രേഖപ്പെടുത്തിയ മൊഴി. തന്റെ മുന്നില്‍ വെച്ച് മകള്‍ കൊടുത്ത മൊഴി പോലീസ് മാറ്റുകയായിരുന്നെന്ന് റിനിയുടെ അമ്മ ആരോപിച്ചിരുന്നു.
മകളെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ മണ്ണെണ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന മകളുടെ മൊഴി മൊബൈലില്‍ പകര്‍ത്തിയതാണ് തെളിവായി ഇവര്‍ പോലീസിനും മാധ്യമങ്ങള്‍ക്കും മുന്നില്‍ നല്‍കിയത്. മുഖ്യമന്ത്രിക്കും, ഡി.ജി.പി.ക്കും , മനുഷ്യാവകാശ കമ്മീഷനും ഇതുസംബന്ധിച്ച് റൂബി പരാതി സമര്‍പ്പിച്ചിരുന്നു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ഷെല്‍ബി ഫ്രാന്‍സിസും ചെറുതുരുത്തി എസ്.ഐ. ഷെയ്ക്ക് അമീദും സംഘവുമാണ് ഇവരെ ദേശമംഗലം കൊണ്ടയൂരിലുള്ള വീട്ടില്‍നിന്നും അറസ്റ്റ് ചെയ്തത്. ഇരുവരേയും കോടതി റിമാന്റ് ചെയ്തു.
