യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

കൊല്ലം: കൊല്ലത്ത് കരുനാഗപ്പള്ളിയില്‍ യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കമ്മീഷന്‍ ഡിജിപിക്ക് കത്ത് നല്‍കി. അതേസമയം, പ്രതികള്‍ക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസ്സെടുത്തു. യുവതിയുടെ ഭര്‍ത്താവ് ചന്തുലാലിനും അമ്മായിയമ്മ ഗീതാലാലിനും എതിരെയാണ് കേസെടുത്തത്.
കഴിഞ്ഞ 21ന് രാത്രിയാണ് തുഷാര(27) എന്ന യുവതിയെ ഓയൂര്‍ ചെങ്കുളത്തുള്ള ഭര്‍ത്താവിന്‍റെ വീട്ടില്‍ മരണപ്പെട്ടത്. അസ്ഥികൂടം പോലെ ചുരുങ്ങിയ അവസ്ഥയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മരിക്കുമ്പോള്‍ തുഷാരയ്ക്ക് 20 കിലോ മാത്രമേ ഭാരം ഉണ്ടായിരുന്നുള്ളൂ. യുവതിയ്ക്ക് പഞ്ചസാര വെള്ളവും അരികുതിര്‍ത്തതുമാണ് കഴിക്കാന്‍ നല്‍കിരുന്നത്. കൊല്ലം ജില്ലാ ആശുപത്രിയില്‍ നടത്തിയ മൃതദേഹ പരിശോധനയിലാണ് ആഹാരം ലഭിക്കാതെ ന്യുമോണിയ ബാധിച്ചാണ് ഇവര്‍ മരിച്ചതെന്ന് മനസിലായത്.

വിവരങ്ങള്‍ പുറത്ത് വന്നതോടെയാണ് യുവതിയുടെ ഭര്‍ത്താവിന് നേരെ അന്വേഷണം നീണ്ടത്. വിവാഹം കഴിക്കുന്ന സമയത്ത് ചന്തുലാലും കുടുംബവും കാഞ്ഞാവള്ളിക്കു സമീപം ഓലിക്കര മണ്‍വിള വീട്ടില്‍ ആയിരുന്നു താമസം. ഇവിടെ ഇവര്‍ മന്ത്രവാദ ക്രിയകള്‍ ചെയ്യുന്നതില്‍ എതിര്‍പ്പുണ്ടായതിന് പിന്നാലെയാണ് താമസം മാറിയത്. ചെങ്കുളത്ത് ഇവര്‍ താമസിച്ചിരുന്നത് നാട്ടുകാരില്‍ നിന്നും ഒറ്റപ്പെട്ടായിരുന്നു.

വിവാഹശേഷം മൂന്ന് തവണ മാത്രമാണ് യുവതി സ്വഭവനത്തില്‍ എത്തിയത്. ഇതിനിടയില്‍ രണ്ട് കുട്ടികള്‍ ജനിച്ചെങ്കിലും തുഷാരയുടെ ബന്ധുക്കളെ കാണിച്ചിരുന്നില്ല. രണ്ടാമത്തെ കുട്ടിയുടെ പ്രസവത്തിന് ആശുപത്രിയില്‍ പോയെങ്കിലും കുട്ടിയെ കാണിക്കാത്തതിനാല്‍ ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. പൊലീസ് ഇടപെടലില്‍ കുട്ടിയെ ബന്ധുക്കളെ കാണിച്ചെങ്കിലും ഇനി ആരും തന്നെ കാണാന്‍ വരണ്ടെന്നും തനിക്ക് ഒരു കുഴപ്പവും ഇല്ലെന്നും യുവതി വീട്ടുകാരെ പിന്നീട് അറിയിക്കുകയായിരുന്നു.

സ്ത്രീധന പണത്തിന്‍റെ ബാക്കി നല്‍കാത്തതിന്‍റെ പേരില്‍ തുഷാരയെ ഭര്‍ത്താവ് ചന്തുലാലും ഇയാളുടെ അമ്മ ഗീതാലാലും പലപ്പോഴും മര്‍ദ്ദിച്ചിരുന്നതായാണ് വ്യക്തമാകുന്നത്. മകളെ കാണാന്‍ തുഷാരയുടെ അച്ഛനേയും അമ്മയേയും അനുവദിച്ചിരുന്നില്ലെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് യുവതി നേരിട്ട ക്രൂരത വ്യക്തമായത്.
