യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി തട്ടിപ്പ്

തൃശൂര്‍: മൊബൈല്‍ ഫോണ്‍ സൗഹൃദം വീണ്ടും വില്ലനാകുന്നു. മൊബൈല്‍ ഫോണിലൂടെ യുവതിയുമായി സൗഹൃദം സ്ഥാപിച്ച്, മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പത്ത് ലക്ഷം തട്ടിയെടുത്ത നാലുപേരെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു.
വലപ്പാട് കോതകുളം കളിച്ചത്ത് ആദിത്യന്‍ (22), തളിക്കുളം സ്വദേശികളായ പെരുംതറ ആദില്‍ (22), മാനങ്ങത്ത് അശ്വിന്‍ (22), വലപ്പാട് വെന്നിക്കല്‍ അജന്‍ (22) എന്നിവരാണ് അറസ്റ്റിലായത്. തൃശൂര്‍ റൂറല്‍ എസ്.പി: എം.കെ. പുഷ്‌കരനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഫേമസ് വര്‍ഗീസിന്റെ കീഴിലുള്ള സംഘം വലപ്പാട് ബീച്ചില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

പോലീസ് പറയുന്നത്: തൃശൂര്‍ സ്വദേശിനിയായ യുവതിയുടെ മൊബൈല്‍ ഫോണില്‍ സൗഹൃദം സ്ഥാപിച്ച പ്രതികള്‍ വീഡിയോ ചാറ്റിങ്ങിലൂടെ ലഭിച്ച ഫോട്ടോകള്‍ സ്‌ക്രീന്‍ ഷോട്ട് ചെയ്യുകയും പിന്നീട് ഈ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സ്ത്രീയില്‍നിന്ന് പണം തട്ടാന്‍ പദ്ധതിയിടുകയായിരുന്നു.

മറ്റൊരു ഫോണ്‍ നമ്ബറില്‍നിന്ന് അജ്ഞാതനായ ഒരാള്‍ എന്ന നിലയില്‍ യുവതിയുമായി വാട്‌സാപ് മുഖേന ബന്ധപ്പെടുകയും യുവതിയുടെ കുറെ ഫോട്ടോകള്‍ സുഹൃത്തുക്കളായ യുവാക്കളില്‍നിന്ന് കൈവശപ്പെടുത്തിയിട്ടുണ്ടെന്നും അത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തുമെന്നും യുവതിയോ പ്രതികളായ യുവാക്കളോ ഈ വിവരം മറ്റാരെയെങ്കിലും അറിയിച്ചാല്‍ എല്ലാവരുടെയും കുടുംബ ജീവിതം തകര്‍ക്കുമെന്നും ഭീഷണി മുഴക്കുകയായിരുന്നു.

സത്യാവസ്ഥ അറിയാതെ യുവതി സുഹൃത്തുക്കളായ ഇവരുടെ തന്നെ ഫോണില്‍ വിളിച്ചുപറയുകയും ചെയ്തു. അവര്‍ അജ്ഞാതന്‍ പറഞ്ഞത് ശരിയാണെന്നും അയാള്‍ പറയുന്നത് അനുസരിക്കുകയേ നിര്‍വാഹമുള്ളൂവെന്നും യുവതിയെ തെറ്റിദ്ധരിപ്പിച്ചു.
ഇതേതുടര്‍ന്ന് പല തവണയായി പണവും സ്വര്‍ണവും ഉള്‍പ്പെടെ പത്ത് ലക്ഷത്തോളം യുവതിയില്‍നിന്ന് പ്രതികള്‍ കൈക്കലാക്കുകയായിരുന്നു. തുടര്‍ന്നും പണം ആവശ്യപ്പെട്ടത് യുവതി പോലീസില്‍ അറിയിച്ചു.
എസ്.പി യുടെ നിര്‍ദേശ പ്രകാരം വലപ്പാട് സി.ഐ: ടി.കെ. ഷൈജുവിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേകാന്വേഷണ സംഘം വീണ്ടും പണം ആവശ്യപ്പെട്ട ഫോണിലേക്ക് സന്ദേശം അയച്ച് പ്രതികളെ തന്ത്രപൂര്‍വം യുവതിയുടെ വീടിനടുത്തേക്ക് വരുത്തി പിടികൂടുകയായിരുന്നു.
പ്രതികള്‍ ആവശ്യപ്പെട്ട പ്രകാരം 50,000 രൂപയുടെ ആകൃതിയില്‍ കടലാസ് മുറിച്ച് അവര്‍ നിര്‍ദേശിച്ച സ്ഥലത്ത് വച്ചു. പണം എടുത്ത് ആഡംബര കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പിന്തുടര്‍ന്ന് പോലീസ് പിടികൂടുകയായിരുന്നു.
പ്രതികള്‍ ചെറിയ ശമ്ബളത്തില്‍ മറ്റ് ജോലി ചെയ്യുന്നവരും ആര്‍ഭാട ജീവിതം നയിക്കുന്നവരുമാണെന്നും പോലീസ് പറഞ്ഞു. തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ഇവര്‍ ഗോവ, കൊടൈക്കനാല്‍ എന്നിവിടങ്ങളില്‍ ചുറ്റിക്കറങ്ങി. ആദിലിന്റെ ഉടമസ്ഥതയില്‍ ഒരു കാറും ഉണ്ട്. എസ്.ഐ മാരായ പി.സി. ചാക്കോ, എന്‍.കെ. ഉണ്ണിക്കൃഷ്ണന്‍, എ.എസ്.ഐ. ഹബീബ്, പോലീസുകാരായ ടി.എസ്. ശബരീഷ്, ജിജോ ജോസഫ്, അന്‍വര്‍ സാദത്ത് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
