മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ പ്രത്യേക പരിശോധന: 43 ഡ്രൈവര്‍മാരെ പിടികൂടി

കൊച്ചി: എറണാകുളം ജില്ലയില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ പോലീസ് നടത്തിയ പ്രത്യേക വാഹന kയില്‍ കുടുങ്ങിയത് 43 ഡ്രൈവര്‍മാര്‍. ഇന്നു പുലര്‍ച്ചെ 6.30 മുതല്‍ 8.30 വരെ എറണാകുളം റൂറല്‍ പോലീസിന്റെ കീഴിലുള്ള പ്രദേശങ്ങളില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇത്രയേറെ ഡ്രൈവര്‍മാരെ പിടികൂടിയത്. രണ്ടു കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നതായി എറണാകുളം റൂറല്‍ പോലീസ് മേധാവി എ.വി. ജോര്‍ജ് വ്യക്തമാക്കി.
സ്വകാര്യ-കെഎസ്ആര്‍ടിസി ബസുകള്‍, ലോറി, ടിപ്പര്‍ ലോറി, ഇരുചക്ര വാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍ തുടങ്ങി എല്ലാത്തരം വാഹനങ്ങളും പോലീസ് പരിശോധിച്ചു. റൂറല്‍ പോലീസിനു കീഴിലുള്ള മുഴുവന്‍ എസ്ഐമാരുടെയും നേതൃത്വത്തില്‍ പ്രത്യേക സംഘമായി തിരിഞ്ഞായിരുന്നു പരിശോധന. 4,667 വാഹനങ്ങള്‍ പരിശോധിച്ചതില്‍ നിന്നുമാണ് 43 പേര് അറസ്റ്റിലായത്.

രണ്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് പുറമേ 12 സ്വകാര്യ ബസ് ഡ്രൈവര്‍മാരും 11 ടിപ്പര്‍ ലോറി ഡ്രൈവര്‍മാരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. ഇതിനു പുറമെ നാല് ചക്ര വാഹന ഡ്രൈവര്‍മാരായ എട്ടുപേരും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരായ രണ്ടുപേരും ഇരുചക്ര വാഹന യാത്രികരായ പത്തുപേരും അറസ്റ്റിലായി.

കലൂര്‍-മുവാറ്റുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവറെ പുലര്‍ച്ചെ 6.30 ഓടെ കച്ചേരിത്താഴത്തു നിന്നാണ് പോലീസ് പിടികൂടിയത്. ബസിലെ യാത്രക്കാരെ പിന്നാലെയെത്തിയ മറ്റാരു ബസില്‍ കയറ്റി വിട്ടു. അറസ്റ്റിലായ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

സ്കൂള്‍ ബസ് ഡ്രൈവര്‍മാരിലെ മദ്യപാനികളെ പിടിക്കാന്‍ കഴിഞ്ഞ ദിവസം “ഓപ്പറേഷന് ലിറ്റില്‍ സ്റ്റാര്‍’ എന്ന പേരില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ നടന്ന പരിശോധനയില്‍ നിരവധി ഡ്രൈവര്‍മാരാണ് കുടുങ്ങിയിരുന്നത്.
