മോഷ്ടാവെന്ന് ആരോപിച്ച് യുവാവിനെ ജീവനോടെ തീയിട്ടു
ലക്നൗ: യു.പിയിലെ രഖോപൂര്‍ വില്ലേജില്‍ മോഷ്ടാവെന്ന് ആരോപിച്ച് യുവാവിനെ ജീവനോടെ തീയിട്ടു. ഗുരുതരമായി പൊള്ളലേറ്റ യുവാവ് ചികിത്സയിലാണ്. വെള്ളിയാഴ്ചയാണ് സംഭവം.
സുജിത് എന്ന യുവാവിനെയാണ് നാട്ടുകാര്‍ പിടികൂടി മര്‍ദിച്ച് തീവെച്ചത്. രാത്രി ഭാര്യവീട്ടിലേക്ക് നടന്നുപോകുന്നതിനിടെ നായ്ക്കള്‍ പിന്നാലെ വന്നപ്പോള്‍ ഭയന്നോടിയ സുജിത് ഒരു വീടിന് സമീപം ഒളിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനിടെ നാട്ടുകാര്‍ കള്ളനെന്ന് തെറ്റിദ്ധരിച്ച് പിടികൂടി മര്‍ദിക്കുകയും തീവെക്കുകയുമായിരുന്നുവെന്ന് ബരാബാങ്കി പൊലീസ് സൂപ്രണ്ട് ആകാശ് തോമര്‍ പറഞ്ഞു.

സംഭവത്തില്‍ രണ്ടുപേരെ വധശ്രമത്തിന് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അഞ്ച് പേര്‍ ചേര്‍ന്നാണ് സുജിത്തിനെ മര്‍ദിച്ചതെന്നും തന്‍റെ പിതാവ് സംഭവസ്ഥലത്തെത്തിയപ്പോള്‍ അദ്ദേഹത്തെയും മര്‍ദിച്ചുവെന്നും സുജിത്തിന്‍റെ ഭാര്യ പറഞ്ഞു.




