KOYILANDY DIARY

The Perfect News Portal

മോഷ്ടാവിനെ കണ്ടെത്താന്‍ അമ്മയും മകനും പോലീസ് സ്‌റ്റേഷിലെത്തി: മകന്‍ അറസ്റ്റില്‍

കോഴിക്കോട്: സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് എ.ടി.എം കാര്‍ഡ് ഉപയോഗിച്ച്‌ 20,000 രൂപ പിന്‍വലിച്ചെന്ന് വീട്ടമ്മയുടെ മൊബൈല്‍ ഫോണിലേക്ക് ബാങ്ക് അധികൃതരുടെ സന്ദേശം വന്നതിനെ തുടര്‍ന്ന് മോഷ്ടാവിനെ കണ്ടെത്താന്‍ അമ്മയും മകനും പോലീസ് സ്‌റ്റേഷിലെത്തി പരാതി നല്‍കി. പോലീസ് അന്വേഷണത്തിനൊടുവില്‍ മകന്‍ അറസ്റ്റിലായി. സ്വന്തം മകനെ അവസാനം അമ്മ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കേണ്ട ഗതികേടുമായി.

ചൊവ്വാഴ്ചയാണ് അമ്മയുടെ ഫോണിലേക്ക് പണം വിന്‍വലിച്ചതായി സന്ദേശമെത്തിയത്. കൂലിപ്പണിയെടുത്ത് ഉപജീവനം നടത്തുന്ന അമ്മയ്ക്ക് ഇംഗ്ലീഷ് വായിച്ച്‌ അര്‍ഥം മനസ്സിലാക്കാനുള്ള കഴിവില്ല. സന്ദേശം മൊബൈല്‍ ഫോണിലെത്തിയ കാര്യം​​​‍ പറഞ്ഞുകൊടുത്തത് മകന്‍ തന്നെയാണ്. വെള്ളയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മാനാഞ്ചിറയ്ക്ക് സമീപമുള്ള എസ്.ബി.ഐ എ.ടി.എം കൗണ്ടറില്‍ നിന്നാണ് പണം പിന്‍വലിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. തുടര്‍ന്ന് എ.ടി.എം കൗണ്ടറിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പോലീസിന് കള്ളനെ പിടികിട്ടി.

Advertisements

അമ്മയേയും മകനേയും ഒന്നിച്ച്‌ പോലീസ് സ്റ്റേഷില്‍ വ്യാഴാഴ്ച വിളിച്ചു വരുത്തി അമ്മയുടെ സാന്നിധ്യത്തില്‍ മകനെ ചോദ്യം ചെയ്തു. ഇതോടെ പണം വിന്‍വലിച്ചത് താനാണെന്ന് മകന്‍ സമ്മതിച്ചു. പണം എന്തു ചെയ്‌തെന്നായി പോലീസിന്റെ അടുത്ത ചോദ്യം. കൂട്ടുകാരുമൊത്ത് പതിവായി ഭക്ഷണം കഴിക്കാറുള്ള ഹോട്ടലില്‍ പറ്റ് പണം നല്‍കിയ കാര്യം ആദ്യം വെളിപ്പെടുത്തി. രണ്ടാമത് പാലാഴി ബൈപ്പാസ് റോഡ് ജങ്ഷനിലെ വ്യാപാര സമുച്ചയത്തില്‍ കൂട്ടുകാരുടെ ബൈക്കില്‍ പോയി വസ്ത്രങ്ങള്‍ വാങ്ങിച്ചും അവര്‍ക്കൊപ്പം നഗരത്തില്‍ ബൈക്കില്‍ കറങ്ങാനും 8000 രൂപ ഉപയോഗിച്ചെന്നും ബാക്കി വീട്ടില്‍ സൂക്ഷിച്ചെന്നും മകന്‍ പറഞ്ഞു.

ഇതോടെ മകനെ വെറുതെ വിടണമെന്നും തനിക്ക് പരാതിയില്ലെന്നും അമ്മ പറഞ്ഞു. എന്നാല്‍ എഫ്.ഐ.ആര്‍ ഇട്ടതാണെന്നും മോഷണക്കുറ്റത്തിനാണ് കേസെടുത്തതെന്നും നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായതിനാല്‍ നിസ്സഹായ അവസ്ഥയിലാണ് തങ്ങളെന്ന് പോലീസ് ഉദ്യോഗസ്ഥരും വ്യക്തമാക്കി. അവസാനം അമ്മയും പോലീസും ചേര്‍ന്ന് മകനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *