മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മലേഷ്യയില്‍ പ്രമുഖ കമ്പനിയുടെ യുവ സി.ഇ.ഒ. കൊല്ലപ്പെട്ടു

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ഉണ്ടാകുന്ന അപകടങ്ങള്‍ അവസാനിക്കുന്നില്ല. ചാര്‍ജില്‍ ഇരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മലേഷ്യയില്‍ പ്രമുഖ കമ്പനിയുടെ യുവ സി.ഇ.ഒ. കൊല്ലപ്പെട്ടു. ക്രഡില് ഫണ്ട് എന്ന മലേഷ്യന്‍ കമ്പനിയുടെ സി.ഇ.ഒ. നസ്രിന് ഹസ്സന് ആണ് കൊല്ലപ്പെട്ടത്. ബ്ലാക്ക്ബെറി, വാവേ എന്നീ ഫോണുകളാണ് നസ്രീന് ഹസ്സന് ഉപയോഗിച്ചിരുന്നത്. ഇവ രണ്ടും ഹസ്സന് കിടന്ന കിടക്കക്ക് സമീപം തന്നെ ചാര്‍ജില്‍ ഇട്ടിരുന്നു. ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഉണ്ടായ തീ പിടുത്തത്തില്‍ റൂം മുഴുവന്‍ കത്തിയമര്‍ന്നു. ഇത് കാരണം ഏത് ഫോണാണ് പൊട്ടിത്തെറിച്ചത് എന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
എന്നാല്‍ തീപിടുത്തത്തില്‍ അല്ല ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് തലക്ക് ഏറ്റ പരിക്ക് കാരണമാണ് ഹസ്സന് കൊല്ലപ്പെട്ടത് എന്നും വാര്‍ത്തകള്‍ ഉണ്ട്. ക്രഡില് ഫണ്ടിന്റെ ഔദ്യോഗിക വിശദീകരണത്തിലും തലക്ക് ഏറ്റ പരിക്കാണ് മരണ കാരണമായി പറയുന്നത്. എന്നാല്‍ പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് മരണകാരണം എന്നാണ് പോലീസ് പറയുന്നത്. മൂന്ന് കുട്ടികളുടെ പിതാവാണ് ഹസ്സന്.

ബ്രിട്ടണിലെ ബക്കിഹാം യൂണിവേഴ്സിറ്റിയില്‍ നിന്ന് 1994 ല്‍ എല്‍.എല്‍.ബി ബിരുദം നേടിയ വ്യക്തിയാണ് നസ്രിന് ഹസ്സന്. 2007ലാണ് ഇദ്ദേഹം ക്രഡില് ഫണ്ട് സി.ഇ.ഒ. ആയി നിയമിതനായത്.

