KOYILANDY DIARY.COM

The Perfect News Portal

മെയ്‌ 27ന് സംസ്ഥാനത്തുടനീളം പ്രതിഷേധ ദിനo: വൈക്കം വിശ്വന്‍

തിരുവനന്തപുരം > കേരളത്തില്‍ ബിജെപി നടത്തിക്കൊണ്ടിരിക്കുന്ന അക്രമത്തില്‍ പ്രതിഷേധിച്ച്‌ മെയ്‌ 27ന് സംസ്ഥാനത്തുടനീളം പ്രതിഷേധ ദിനമായി ആചരിക്കുമെന്ന്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യമുന്നണി കേരളത്തില്‍ വന്‍ വിജയം നേടിയതിനുശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ അക്രമമാണ്‌ ബിജെപി നടത്തിയിട്ടുള്ളത്‌. ധര്‍മ്മടത്ത്‌ ഒരു എല്‍ഡിഎഫ്‌ പ്രവര്‍ത്തനെ കൊലപ്പെടുത്തി. കാഞ്ഞങ്ങാട്‌ വിജയിച്ച എല്‍ഡിഎഫ്‌ എംഎല്‍എ പോലും ആക്രമിക്കപ്പെടുന്ന സ്ഥിതി ഉണ്ടായിരിക്കുകയാണ്‌. നിരവധി വീടുകളും പാര്‍ടി ഓഫീസുകളും വായനശാലകളും തകര്‍ത്തു. നൂറോളം പ്രവര്‍ത്തകന്മാര്‍ വിവിധ മേഖലയിലെ അക്രമത്തിന്റെ ഫലമായി ആശുപത്രികളിലായി. സ്‌ത്രീകളും കുട്ടികളും വരെ ആര്‍എസ്‌എസ്‌ അക്രമത്തിന്‌ വിധേയമായി. നിരവധി വാഹനങ്ങളും തകര്‍ക്കപ്പെട്ടു.

സംസ്ഥാനത്ത്‌ വ്യാപകമായ അക്രമം അഴിച്ചുവിട്ടശേഷം ഇടതുപക്ഷം അക്രമം നടത്തുകയാണെന്ന്‌ പ്രചരിപ്പിച്ചുകൊണ്ട്‌ ഡെല്‍ഹിയില്‍ സിപിഐ എമ്മിന്റെ കേന്ദ്രകമ്മിറ്റി ഓഫീസ്‌ ആക്രമിച്ചു.  ഇടതുപക്ഷ പ്രവര്‍ത്തകന്മാരെ തെരുവില്‍ നേരിടുമെന്ന്‌ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്‌ പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ അധികാരത്തെ തെല്ലുപോലും മാനിക്കാതെ നടത്തുന്ന ഇത്തരം പ്രഖ്യാപനങ്ങള്‍ക്കെതിരെ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാംക്ഷിക്കുന്ന മുഴുവന്‍ ജനതയും അണിചേരേണ്ടതുണ്ട്‌.

Advertisements

കേരളത്തില്‍ ബിജെപി ഇത്രയേറെ ആക്രമണങ്ങള്‍ നടത്തിയിട്ടും ഒരക്ഷരം ഉരിയാടാന്‍ യുഡിഎഫ്‌ നേതൃത്വം തയ്യാറായിട്ടില്ല. ബിജെപിക്ക്‌ കേരളത്തില്‍ അക്കൗണ്ട്‌ തുറക്കാന്‍ വേണ്ടി വോട്ട്‌ മറിച്ച യുഡിഎഫ്‌ ഇക്കാര്യത്തിലും കള്ളക്കളി തുടരുകയാണ്‌. യുഡിഎഫ്‌ ആക്രമണത്തിന്റെ ഫലമായി മലപ്പുറത്ത്‌ ഒരു എല്‍ഡിഎഫ്‌ പ്രവര്‍ത്തകന്‍ കൊല്ലപ്പെടുന്ന സ്ഥിതിയും ഉണ്ടായിരിക്കുകയാണ്‌. ഇങ്ങനെ സംസ്ഥാന വ്യാപകമായി ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ തടയേണ്ടത്‌ ജനാധിപത്യപരമായ ജീവിതക്രമം സംസ്ഥാനത്തിന്‌ തുടരുന്നതിന്‌ അത്യന്താപേക്ഷിതമാണ്‌. ഇക്കാര്യത്തില്‍ നാടിനെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായി ഈ പ്രതിഷേധ പരിപാടികളില്‍ അണിനിരക്കണമെന്നും വൈക്കം വിശ്വന്‍ അഭ്യര്‍ത്ഥിച്ചു.

Share news