KOYILANDY DIARY.COM

The Perfect News Portal

മൂരാട് പുതിയ പാലം: നിർമ്മാണ പ്രവൃത്തി പുരോഗമിക്കുന്നു

കൊയിലാണ്ടി: ദേശീയ പാതയിൽ മൂരാട് പുതിയ പാലം നിർമിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. പഴയ പാലത്തിന് തൊട്ടടുത്ത് കിഴക്ക് ഭാഗത്തായിട്ടാണ് 34 മീറ്റർ വീതിയിൽ പുതിയ പാലം നിർമിക്കുന്നത്. ദേശീയപാത ആറ് വരിയിൽ വികസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ പാലത്തിൻ്റെ നിർമാണം. മൂരാട് പാലവും പാലോളിപ്പാലവും അതിനിടയിലുള്ള 2.1 കിലോമീറ്റർ ദൂരം ദേശീയപാതയും പ്രത്യേകമായിട്ടാണ് ടെൻഡർ ചെയ്ത് പ്രവൃത്തി ആരംഭിച്ചത്. അഴിയൂർ വെങ്ങളം റീച്ചിൽ ഉൾപ്പെടുന്ന സ്ഥലമാണിത്.എന്നാൽ മൂരാട് പാലത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് വേഗത്തിൽ പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ വെങ്ങളം മുതൽ അഴിയൂർവരെ നീളുന്ന ദേശീയപാത റീച്ചിൽനിന്നും വേർപെടുത്തി മൂരാട് പാലം പണി പ്രത്യേകമായി വേഗത്തിൽ തീർക്കാനാണ് ഈ ഭാഗം മാത്രം കരാർ നൽകിയത്. ഹരിയാണ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘ഇ ഫൈവ് ഇൻഫ്രാ സ്‌ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിയാണ് പാലം നിർമാണം ഏറ്റെടുത്തിരിക്കുന്നത്.

മൂരാട് പാലത്തിനും പാലോളി പാലത്തിനും ഇടയിൽ ആറ് വരിയിൽ റോഡ് നിർമാണവും ഇതോടൊപ്പം നടക്കുന്നുണ്ട്. 34 മീറ്ററുള്ള ആറ് സ്പാനിലാണ് പാലം നിർമിക്കുന്നത്. ഇതിൽ രണ്ട് സ്പാനിന്റെ പൈലിങ്‌ പൂർണമായിക്കഴിഞ്ഞു. പൈൽ കേപ്പുകളുടെ നിർമാണം ഇപ്പോൾ നടക്കുകയാണ്. തൂണുകൾക്ക് മുകളിൽ സ്ഥാപിക്കേണ്ട കൂറ്റൻ കോൺക്രീറ്റ് ബീമുകൾ കരയിലാണ് നിർമിച്ചിരിക്കുന്നത്. ഇത് ക്രെയിൻ ഉപയോഗിച്ച് തൂക്കിയെടുത്ത് തൂണുകളിൽ സ്ഥാപിക്കും. പുഴയുടെ മധ്യത്തിൽ പൈലിങ്‌ പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലിനും പാലങ്ങളുടെയും റോഡിന്റെയും നിർമാണത്തിനുമായി 210.21 കോടി രൂപയാണ് എസ്റ്റിമേറ്റ്. ഇതിൽ 68.5 കോടി രൂപ നിർമാണപ്രവർത്തനങ്ങൾക്കും 128 കോടി രൂപ ഭൂമിയേറ്റെടുക്കലിനും മറ്റ് പ്രവർത്തനങ്ങൾക്കുമാണ് വകയിരുത്തിയിരിക്കുന്നത്. പുതിയപാലം നിർമിച്ചുകഴിഞ്ഞാൽ ഗതാഗതം അതുവഴി തിരിച്ചുവിടും. തുടർന്ന് പഴയപാലവും പൊളിച്ചു നീക്കി പുനർനിർമിക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *