മൂന്ന‌് ഇന്ത്യന്‍ യാത്രികരെ ബഹിരാകാശത്ത‌് എത്തിക്കുന്ന പദ്ധതിക്ക‌് ചുക്കാന്‍ പിടിക്കുന്നത‌് രണ്ട‌് മലയാളികള്‍

തിരുവനന്തപുരം: മൂന്ന‌് ഇന്ത്യന്‍ യാത്രികരെ ബഹിരാകാശത്ത‌് എത്തിക്കുന്ന പദ്ധതിക്ക‌് ചുക്കാന്‍ പിടിക്കുന്നത‌് രണ്ട‌് മലയാളികള്‍. ഐഎസ‌്‌ആര്‍ഒയുടെ ഗഗന്‍യാന്‍ പദ്ധതിയുടെ ഡയറക്ടര്‍ ഡോ. എസ‌് ഉണ്ണികൃഷ‌്ണന്‍നായരാണ‌്. പ്രോജക്ട‌് ഡയറക്ടര്‍ ആര്‍ ഹട്ടനും. പ്രമുഖ ബഹിരാകാശ ശാസ‌്ത്രജ‌്ഞരായ ഇരുവരും നിലവില്‍ തിരുവനന്തപുരം വിഎസ‌്‌എസ‌്സി കേന്ദ്രീകരിച്ച‌് പ്രവര്‍ത്തിക്കുന്നവരാണ‌്.
മനുഷ്യനെ ബഹിരാകാശത്തേക്ക‌് അയക്കുന്ന പദ്ധതിക്കായി ബംഗളൂരു കേന്ദ്രമായി രൂപീകരിച്ച ഹ്യൂമന്‍ സ‌്പേയ‌്സ‌് ഫ‌്ളൈറ്റ‌്സെന്ററിന്റെ മുഖ്യചുമതല ഉണ്ണികൃഷ‌്ണന്‍നായര്‍ക്കാണ‌്. വിഎസ‌്‌എസ‌്സിയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന എച്ച‌്‌എസ‌്‌ഇപിയുടെ ചുമതലക്കാരനായിരുന്നു അദ്ദേഹം. കോട്ടയം കോതനല്ലൂര്‍ സ്വദേശിയാണ‌്. 2014 ലെ ക്രൂമോഡ്യൂള്‍(കെയര്‍) വിക്ഷേപണത്തിലും കഴിഞ്ഞ വര്‍ഷത്തെ ക്രൂ എസ‌്കേപ് പരീക്ഷണത്തിനും മുഖ്യപങ്ക‌് വഹിച്ചു. നിരവധി വിക്ഷേപണങ്ങള്‍ക്ക‌് നേതൃത്വം നല്‍കിയ ആര്‍ ഹട്ടണ്‍ നിലവില്‍ പിഎസ‌്‌എല്‍വിയുടെ പ്രോജക്ട‌് ഡയറക്ടറാണ‌്.

ഇവരെ കൂടാതെ ആറ‌് ഡെപ്യൂട്ടി ഡയറക്ടര്‍മാരെ കൂടി ഗഗന്‍യാന്‍ പദ്ധതിക്കായി നിയോഗിച്ചിട്ടുണ്ട‌്. ഇവരില്‍ അഞ്ച‌് പേരും വിഎസ‌്‌എസ‌്സിയില്‍ നിന്നുള്ളവരാണ‌്. മനുഷ്യനെ ബഹിരാകാശത്തേക്ക‌് അയക്കുന്ന പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനം വര്‍ഷങ്ങള്‍ക്ക‌് മുമ്ബു തന്നെ വിഎസ‌്‌എസ‌്സിയില്‍ തുടക്കമിട്ടതാണ‌്. സ‌്പേയ‌്സ‌് സ്യൂട്ട‌്, പാരച്യൂട്ട‌് തുടങ്ങിയവ വികസിപ്പിക്കുന്നതില്‍ ഏറെ മുന്നിലെത്തുകയും ചെയ‌്തു. പേടകത്തെ വിക്ഷേപിച്ച‌് വിജയകരമായി ഭൂമിയില്‍ തിരിച്ചിറക്കുന്നതില്‍(എസ‌്‌ആര്‍ഇ) 2007 ല്‍ വിജയം കണ്ടു.

550 കിലോ ഭാരമുള്ള പേടകം 12 ദിവസത്തെ യാത്രക്ക‌് ശേഷമാണ‌് സുരക്ഷിതമായി തിരിച്ചിറക്കിയത‌്. ബഹിരാകാശത്തേക്ക‌് യാത്രികരെ കൊണ്ടു പോകുന്നതിനുള്ള ക്രൂമോഡ്യൂള്‍ സമീപകാലത്ത‌് വിജയകരമായി വിക്ഷേപിച്ചു. ജിഎസ‌്‌എല്‍വി മാര്‍ക്ക‌് 3 റോക്കറ്റിലായിരുന്നു ഇത‌്. മൂന്നുപേരെ ബഹിരാകാശത്ത‌് എത്തിക്കുന്നതിനും സുരക്ഷിതമായി മടക്കിക്കൊണ്ടു വരുന്നതിനും ഇനിയും കടമ്ബകളേറെയാണ‌്.

അവയെ മറികടക്കാനുള്ള ശ്രമങ്ങളിലാണ‌് ശാസ‌്ത്രജ‌്ഞര്‍. ബംഗളൂരുവിലാണ‌് പ്രധാന കേന്ദ്രമെങ്കിലും ഇതിനായുള്ള സാങ്കേതികവിദ്യ വികസനത്തിനും മറ്റുമുള്ള മുഖ്യകേന്ദ്രം വിഎസ‌്‌എസ‌്സിയാണ‌്. ജിഎസ‌്‌എല്‍വി മാര്‍ക്ക‌് 3 റോക്കറ്റ‌് വികസിപ്പിക്കുന്നതും രൂപകല്‍പ്പന ചെയ്യുന്നതും തിരുവനന്തപുരത്താണ‌്.
