മൂന്നു മാസത്തിലൊരിക്കല്‍ സര്‍വ്വീസ് വിവരങ്ങള്‍ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്ക് നല്‍കണം

തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ബസ് ഓപ്പറേറ്റമാര്‍ക്ക് പുതിയ പ്രവര്‍ത്തന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ജീവനക്കാരായി നിയമിക്കരുതെന്നും മൂന്നു മാസത്തിലൊരിക്കല്‍ സര്‍വ്വീസ് വിവരങ്ങള്‍ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്ക് നല്‍കണമെന്നതുമടക്കം കര്‍ശന നിര്‍ദ്ദേശങ്ങളാണ് ഗതാഗത സെക്രട്ടറി കെ ആര് ജ്യോതിലാല്‍ ഇറക്കിയ സര്‍ക്കുലറില്‍ ഉള്ളത്.
കെഎസ്ആര്‍ടിസി – സ്വകാര്യബസ് സ്റ്റാന്റുകളുടെ 500 മീറ്റര്‍ പരിധിക്കുള്ളില്‍ ബുക്കിംഗ് കേന്ദ്രങ്ങളോ സ്വകാര്യ വാഹന പാര്‍ക്കിങ്ങോ പാടില്ലെന്ന് സര്‍ക്കാരിന്റെ പുതിയ ഉത്തരവില്‍ പറയുന്നു. ഓരോ 50 കിലോമീറ്റര്‍ കഴിയുമ്ബോഴും പ്രാഥമിക സൗകര്യങ്ങള്‍ക്ക് വാഹനം നിര്‍ത്തണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു.

ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ വാഹനങ്ങളില്‍ ജീവനക്കാരാക്കാന് പാടില്ലെന്നും ഗതാഗത സെക്രട്ടറി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. 18 വയസ്സുകഴിഞ്ഞ ക്രമിനല്‍ പശ്ചാത്തലമില്ലാത്തവര്‍ക്ക് മാത്രമേ ലൈസന്‍സ് നല്കുകയുളളൂ.

ഏജന്‍സി ലൈസന്‍സ് ലഭിക്കണമെങ്കില്‍ ഇനി പൊലീസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഏജന്‍സി ലൈസന്‍സിന്റെ പൂര്‍ണ വിവരങ്ങള്‍ ഓഫീസിനു മുന്നില്‍ പ്രദര്‍ശിപ്പിക്കണം. ടിക്കറ്റില്‍ ബസ് ജീവനക്കാരുടെ വിവരങ്ങളും മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരെ വിളിക്കാനുള്ള നമ്ബറും ഉണ്ടാകണമെന്നും നിര്‍ദ്ദേശമുണ്ട്.

യാത്രക്കാരുടെ ലഗേജല്ലാതെ മറ്റ് സാധനങ്ങള്‍ ബസ്സില്‍ കടത്താന്‍ പാടില്ല. ഏജന്‍സിയുടെ ഓഫീസില്‍ ശുചിമുറിയും വിശ്രമിക്കാനുള്ള സൗകര്യവും ഒരുക്കണം. വാഹനം കേടായാല്‍ പകരം യാത്ര സൗകര്യമൊരുക്കാന്‍ ഏജന്‍സി ബാധ്യസ്ഥരാണെന്നും ഗതാഗത സെക്രട്ടറി കെ ആര് ജ്യോതിലാല്‍ ഇറക്കിയ സര്‍ക്കുലര്‍ നിഷ്കര്‍ഷിക്കുന്നു.
