മൂന്നാറിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു
മൂന്നാര്‍: മൂന്നാറില്‍ ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തൃശ്ശൂര്‍ വെറ്റിലപ്പാറ സ്വദേശി ചെരിവില്‍ കാലായില്‍ രാഗേഷ് (30), പത്തനാപുരം എ.ജി ഭവനില്‍ കെ. പുഷ്പാംഗദന്‍ (67) എന്നിവരാണ് മരിച്ചത്. പാമ്ബാടി സ്വദേശി അജയ്, കോതമംഗലം സ്വദേശി കുര്യാക്കോസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. മൂന്നാര്‍ സന്ദര്‍ശിക്കാന്‍ പോയ നാലംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. രാത്രിയില്‍ തിരികെ വരികയായിരുന്ന ഇവരുടെ ജീപ്പ് നിയന്ത്രണം വിട്ട് 200 അടി താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു. പോതമേട്ടിലെ ഏലത്തോട്ടത്തിലേയ്ക്കാണ് ജീപ്പ് മറിഞ്ഞത്.

അപകടം നടന്ന വിവരം മറ്റാരും അറിഞ്ഞിരുന്നില്ല. അപകടത്തില്‍പ്പെട്ടവര്‍ത്തന്നെ പോലീസിന്‍റെ അടിയന്തര സഹായ നമ്ബറായ 100ലേയ്ക്ക് വിളിച്ച് വിവരം പറയുകയായിരുന്നു. തിരുവനന്തപുരം പോലീസ് കണ്‍ട്രോള്‍ റൂമിലാണ് വിവരം ലഭിച്ചത്. അപകടം നടന്നത് എവിടെയാണെന്ന് കൃത്യമായി കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് ഏകദേശ സ്ഥലം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് മൂന്നാര്‍ പോലീസിന് വിവരം നല്‍കി.

ഒരു മണിക്കൂറോളം മേഖലയില്‍ തിരച്ചില്‍ നടത്തിയാണ് പോലീസ് അപകടത്തില്‍പ്പെട്ട ജീപ്പ് കണ്ടെത്തിയത്. ജീപ്പിന്റെ ഹെഡ് ലൈറ്റ് ഓണ്‍ ആയിക്കിടന്നതിനാല്‍ റോഡില്‍നിന്ന് ഏറെ മാറി കിടന്നിരുന്ന വാഹനം കണ്ടെത്താനായി. തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രണ്ടുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.

