മൂടാടി പഞ്ചായത്ത് സ്കൂൾ കലോത്സവം: വന്മുകം-എളമ്പിലാട് സ്കൂളിന് ഇരട്ട കിരീടം

മൂടാടി: ഗ്രാമപഞ്ചായത്ത് തല സ്കൂൾ കലോത്സവത്തിൽ 51 പോയിൻറ് നേടി ബാലകലോത്സവത്തിലും, 43 പോയിന്റ് നേടി അറബിക് സാഹിത്യോത്സവത്തിലും ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ ഇരട്ട കിരീടം ചൂടി ഓവറോൾ ചാമ്പ്യന്മാരായി. വീരവഞ്ചേരി എൽ.പി.സ്കൂൾ, വീമംഗലം യു.പി.സ്കൂൾ എന്നിവർ യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
അറബിക് സാഹിത്യോത്സവത്തിൽ മുചുകുന്ന് നോർത്ത് യു.പി.സ്കൂൾ വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിനൊടൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടു. വീരവഞ്ചേരി എൽ.പി.സ്കൂൾ, മൂടാടി സൗത്ത് എൽ.പി.സ്കൂൾ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ശോഭ കലോത്സവം ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ജീവാനന്ദൻ സമ്മാനദാനം നടത്തി. പി.എൻ.രാമചന്ദ്രൻ, രാജൻ ചേനോത്ത്, ഷാജി, കെ.ശിവദാസൻ, എൻ.കെ.രാജൻ എന്നിവർ സംസാരിച്ചു.

