മൂടാടിയിലെ ഗ്യാസ് ഗോഡൗണിൽ സിലിണ്ടർ ലീക്കായത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി

കൊയിലാണ്ടി: ഗ്യാസ് ഗോഡൗണിൽ സിലിണ്ടർ ലീക്കായത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. മൂടാടിയിലെ കാവ്യ ഇൻഡേൻ ഗ്യാസ് ഏജൻസിയുടെ ഹിൽ ബസാറിലുള്ള ഗോഡൗണിലാണ് മുന്നോളം സിലിണ്ടറുകൾ ലീക്കായത്.
നാട്ടുകാർ പോലീസിനെയും , ഫയർഫോയ്സിനെയും വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി എസ്.ഐ. വി.എം. മോഹൻദാസിന്റെ നേതൃത്വത്തിൽ പോലീസ് സംഘവും, വടകരയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് യൂണിറ്റും സ്ഥലത്തെത്തി സിലിണ്ടറുകൾ എടുത്തു മാറ്റുകയായിരുന്നു.

സംഭവത്തെ തുടർന്ന് ജനം രോഷാകുലരായി. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാ ണ് ഗോഡൗണിൽ സിലിണ്ടറുകൾ സൂക്ഷിച്ചതെന്ന നാട്ടുകാരുടെ ആരോപണത്തെ തുടർന്ന് ഗ്യാസ് ഏജൻസിയെ പോലീസ് സ്റ്റേഷനിലേക്ക് ചർച്ചക്ക് വിളിച്ചതായി പോലീസ് പറഞ്ഞു. നാട്ടുകാരുടെ പരാതിക്ക് പരിഹാര കാണാനാണ് ചർച്ച നടത്തുന്നത്. വിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡണ്ട് ഷീജ പട്ടേരി സ്ഥലത്തെത്തിയിരുന്നു.

