മുല്ലപ്പള്ളിയുടെ ജാഥയില്‍ നോട്ടെണ്ണാന്‍ യന്ത്രവും

മാനന്തവാടി : കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജാഥയുടെ സ്വീകരണവേദിയില്‍ പണപ്പിരിവിനായി നോട്ടെണ്ണല്‍ യന്ത്രവും. വയനാട്ടിലെ സ്വീകരണത്തിന‌് തുടക്കം കുറിച്ച മാനന്തവാടിയിലായിരുന്നു പരസ്യമായി യന്ത്രംവച്ച‌് എണ്ണി പണം പിരിച്ചത‌്. സ‌്റ്റേജിനു താഴെ പ്രത്യേക പന്തലില്‍ മേശയും കസേരയുമിട്ട‌് യന്ത്രം സ്ഥാപിച്ചായിരുന്നു തുടക്കത്തില്‍ പിരിവ‌്. പിന്നീട‌്, ഇവിടെനിന്ന‌് സ‌്റ്റേജിനോട‌് ചേര്‍ന്നുള്ള കടവരാന്തയിലേക്ക‌് മാറ്റി.
ഗാന്ധിനിന്ദക്കെതിരെ പ്രതിജ്ഞയെടുക്കുമ്ബോഴും പിരിവുകാര്‍ വേദിക്കരികിലെ ഗാന്ധി പ്രതിമയ‌്ക്കരികെയിരുന്ന‌് യന്ത്രത്തില്‍ പണമെണ്ണി. കണ്ണൂര്‍, കാസര്‍കോട‌് ജില്ലകളിലെ പണം കൊടുക്കാത്ത മണ്ഡലം കമ്മിറ്റികള്‍ പിരിച്ചുവിട്ടതുപോലെ തങ്ങളുടെ കമ്മിറ്റികളും പിരിച്ചുവിടുമെന്നു ഭയന്ന‌് മണ്ഡലം പ്രസിഡന്റുമാര്‍ എങ്ങനെയും പണമുണ്ടാക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു. ശുഷ‌്കിച്ച സ്വീകരണമായിരുന്നു യാത്രക്ക‌് ലഭിച്ചത‌്. പണം പിരിക്കാന്‍ നോട്ടെണ്ണല്‍ യന്ത്രവുമായി യാത്രക്കൊപ്പം കെപിസിസിയുടെ പ്രത്യേക സംഘമുണ്ട‌്.

