KOYILANDY DIARY.COM

The Perfect News Portal

മുന്‍ ചീഫ്‌ സെക്രട്ടറി സി പി നായര്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറിയും ഹാസസാഹിത്യകാരനും ഭരണപരിഷ്ക്കാര കമീഷന്‍ അംഗവുമായ സി പി നായര്‍ (81) അന്തരിച്ചു. രാവിലെ കവടിയാര്‍ കുറവന്‍ കോണത്തെ വസതിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. സംസ്ക്കാരം ശനിയാഴ്ച തൈക്കാട് ശാന്തകവാടത്തില്‍ നടക്കും. ഹാസ്യസാഹിത്യത്തിനുള്ള 1994 – ലെ കേരള സാഹിത്യഅക്കാദമിപുരസ്കാരം ഇദ്ദേഹത്തിന്റെ ഇരുകാലിമൂട്ടകള്‍ എന്ന പുസ്തകത്തിനായിരുന്നു.

1940 ഏപ്രില്‍ 25-ന് മാവേലിക്കരയില്‍ നാടകകൃത്ത് എന്‍ പി ചെല്ലപ്പന്‍ നായരുടെ മകനായി ജനിച്ചു. മാവേലിക്കരയിലും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം . ഇംഗ്ലീഷില്‍ എം എ ഒന്നാം റാങ്കോടെ പാസ്സായി. മൂന്നുവര്‍ഷം കോളേജ് അദ്ധ്യാപനം. 1962-ഇല്‍ ഐഎഎസ് നേടി. സബ് കലക്ടര്‍, തിരുവനന്തപുരം ജില്ലാ കലക്ടര്‍, സിവില്‍ സപ്ലൈസ് ഡയരക്ടര്‍, കൊച്ചി തുറമുഖ ട്രസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാന്‍, മുഖ്യമന്ത്രിയുടെ സെക്രട്ടറി, ആഭ്യന്തരവകുപ്പ് സെക്രട്ടറി, ചീഫ് സെക്രട്ടറി തുടങ്ങിയ പദവികളിലിരുന്നു. 1971-ല്‍ ലണ്ടന്‍ സര്‍വ്വകലാശാലയില്‍ നഗരവത്കരണത്തില്‍ പഠനം നടത്തി. 1998-ല്‍ സര്‍ക്കാര്‍ സേവനത്തില്‍നിന്നും നായര്‍ വിരമിച്ചു.

തകില്‍, മിസ്റ്റര്‍ നമ്ബ്യാരുടെ വീട്, ലങ്കയില്‍ ഒരു മാരുതി, ചിരി ദീര്‍ഘായുസ്സിന്, പൂവാലന്മാര്‍ ഇല്ലാതാകുന്നത്, ഉഗാണ്ടാമലയാളം, ഇരുകാലിമൂട്ടകള്‍, കുഞ്ഞൂഞ്ഞമ്മ അഥവാ കുഞ്ഞമ്മ, പുഞ്ചിരി, പൊട്ടിച്ചിരി, സംപൂജ്യനായ അദ്ധ്യക്ഷന്‍, തൊഴില്‍വകുപ്പും എലിയും, നേര്, ഒന്നാംസാക്ഷി ഞാന്‍ തന്നെ, എന്ദരോ മഹാനുഭാവുലു: എന്റെ ഐ എ എസ് ദിനങ്ങള്‍ (2012), ആത്മകഥ എന്നിവയാണ് പ്രധാന കൃതികള്‍. സരസ്വതിയാണ് ഭാര്യ. മക്കള്‍: ഹരിശങ്കര്‍, ഗായത്രി.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *