മുനമ്പം മനുഷ്യക്കടത്ത് കേസില്‍ രണ്ടുപേര്‍ പൊലീസ് പിടിയിലായി

കൊച്ചി> മുനമ്പം മനുഷ്യക്കടത്ത് കേസില്‍ രണ്ടുപേര്‍ പൊലീസ് പിടിയിലായി. ദീപക്, പ്രഭു ദണ്ഡപാണി എന്നിവരാണ് ഡല്‍ഹിയില്‍ പൊലീസിന്റെ പിടിയിലായത്. ഇവരെ ഉടന്‍ തന്നെ കേരളത്തില്‍ എത്തിക്കും.കഴിഞ്ഞ ദിവസം ബോട്ടില്‍ കയറാന്‍ കഴിയാതിരുന്ന ഇവരെ ദല്‍ഹിയിലെ മന്ദഗിരി കോളനിയില്‍ നിന്നാണ് പിടികൂടിയത്. ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് പൊലീസ് പറഞ്ഞു.
സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള സംഘം പറവൂര്‍ മാല്യങ്കരയിലെ ബോട്ട് ജെട്ടിയില്‍ നിന്നാണ് യാത്ര പുറപ്പെട്ടതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ബോട്ട് ജെട്ടിക്ക് സമീപത്തെ ഒഴിഞ്ഞ പറമ്ബില്‍നിന്ന് പതിമൂന്നും മുനമ്ബത്തുനിന്ന് ആറും ബാഗുകള്‍ കണ്ടെടുത്തിരുന്നു. ബാഗുകളില്‍ ഉണക്കിയ പഴം, വസ്ത്രങ്ങള്‍, കുടിവെള്ളം, ഫോട്ടോകള്‍, വിമാന ടിക്കറ്റുകള്‍ തുടങ്ങിയവ ഉണ്ടായിരുന്നു. വിനോദ സഞ്ചാരികളെന്ന പേരില്‍ നാലു ഗ്രൂപ്പുകളായി തിരിഞ്ഞാണ് സംഘം ചെറായിയിലെ ഹോം സ്‌റ്റേയില്‍ തങ്ങിയത്.

ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ പൊലീസ് പരിശോധിച്ചു. സംഘത്തിലുള്ളവര്‍ക്ക് ഹിന്ദിയും തമിഴും ഇംഗ്ലീഷും വശമുണ്ട്. വിനോദ സഞ്ചാരികളെന്ന് പരിചയപ്പെടുത്തിയതിനാല്‍ സംശയം തോന്നിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

