മുത്തങ്ങ സമരത്തില്‍ ജയിലിലായ ആദിവാസികുട്ടികളില്‍ ഭൂരിഭാഗത്തിനും നഷ്ടപരിഹാരം ലഭിച്ചില്ല

തിരുവനന്തപുരം: മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത മാതാപിതാക്കള്‍ക്കൊപ്പം ജയിലിലായ ആദിവാസികുട്ടികളില്‍ ഭൂരിഭാഗത്തിനും നഷ്ടപരിഹാരം ലഭിച്ചില്ല. മുത്തങ്ങയില്‍ 43 കുട്ടികള്‍ക്കു മാത്രമേ നഷ്ടപരിഹാരം നല്‍കിയുള്ളൂവെന്ന് നിയമസഭയില്‍ മന്ത്രി മന്ത്രി പി.കെ. ജയലക്ഷ്മിയുടെ മറുപടി. മനുഷ്യവകാശ കമീഷന് ഇന്‍സ്പെക്ടര്‍ ജനറലായിരുന്ന സഞ്ജീബ് പട്ജോഷി 2011 ജൂണ്‍ 20ന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച് പ്രായപൂര്‍ത്തിയാകാത്ത 161 പട്ടിവര്‍ഗ കുട്ടികളെയാണ് ജയിലിലടച്ചത്. നില്പ് സമരത്തെ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ മുത്തങ്ങ സമരത്തില്‍ ജയിലില്‍ കഴിഞ്ഞ മുഴുവന്‍ കുട്ടികള്‍ക്കും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. കുട്ടികളുടെ എണ്ണം കണക്കാക്കുന്നതിന് പട്ടികവര്‍ഗ വകുപ്പിനെയാണ് ചുമതലപ്പെടുത്തിയത്. വയനാട്ടിലെ പട്ടികവര്‍ഗ ഓഫിസാണ് എണ്ണം വെട്ടിക്കുറച്ച് നഷ്ടപരിഹാര പാക്കേജ് അട്ടിമറിച്ചത്. കുട്ടികളുടെ പേരും വയസ്സുമെല്ലാം രേഖപ്പെടുത്തിയ രജിസ്റ്റര്‍ അപ്രത്യക്ഷമായിട്ടുണ്ട്.
