മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ച ആശയങ്ങളെ അനുകൂലിച്ച് എഴുത്തുകാരി ശാരദക്കുട്ടി

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച ആശയങ്ങളെ അനുകൂലിച്ച് എഴുത്തുകാരി ശാരദക്കുട്ടി. വിശ്വാസികള്‍ക്കു വേണ്ടിയാണ് അദ്ദേഹം സംസാരിച്ചത്. സമാധാനത്തിന്റെ ഭാഷയിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്ന്, തലയില്‍ വെളിച്ചമുള്ളവര്‍ക്ക് സംസാരിക്കാന്‍ ഇത്രയും മതിയെന്നും ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

“നൈഷ്ഠികബ്രഹ്മചാരിയാണ് പ്രതിഷ്ഠയെങ്കില്‍ പൂജാരിയും ബ്രഹ്മചാരിയായിരിക്കണം”. പത്തനംതിട്ടയിലെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.നമ്മുടെ തന്ത്രിമാരുടെ ബ്രഹ്മചര്യമൊക്കെ നമുക്കറിയാമല്ലോ, അത് ഗൃഹസ്ഥാശ്രമത്തിനുമപ്പുറത്തേക്ക് എവിടേക്കൊക്കെ പോയി എന്നതുമോര്‍ക്കണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പിന്നെയും ചിലതു പത്രസമ്മേളനത്തില്‍ പറഞ്ഞു

വിശ്വാസികള്‍ ശാന്തരാണ്, അവര്‍ തെറി വിളിക്കുകയോ കലാപത്തിനു കോപ്പു കൂട്ടുകയോ ചെയ്യില്ല. സന്നിധാനത്തു തമ്പടിച്ചവര്‍ വിശ്വാസികളല്ല.

കോന്തല തുമ്പിലാണ് അധികാരത്തിന്റെ താക്കോലെന്ന് കരുതരുത്, തന്ത്രി പൂട്ടി താക്കോല്‍ കൊണ്ടു പോയാലും ക്ഷേത്രമവിടെത്തന്നെയുണ്ടാകും.
വിശ്വാസികള്‍ക്കു വേണ്ടിയാണ്, ക്ഷേത്രത്തിന്റെ നിലനില്‍പ്പിനും നന്മക്കും വേണ്ടിയാണ്, സമാധാനത്തിന്റെ ഭാഷയിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്ന്, തലയില്‍ വെളിച്ചമുള്ളവര്‍ക്കു മനസ്സിലാക്കാന്‍ ഇത്രയും മതി..
ആരാണ് സമാധാനത്തിന്റെ കാറ്റ് കടക്കാന്‍ അനുവദിക്കാത്തതെന്ന് വിശ്വാസത്തിന്റെ പേരില്‍ കലാപമുണ്ടാക്കുന്നവരെ പിന്തുണക്കുന്നവര്‍ ശാന്തമായി ആലോചിക്കട്ടെ.
