KOYILANDY DIARY.COM

The Perfect News Portal

മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്തു മുംബൈ മലയാളി വ്യവസായികള്‍

കേരളത്തില്‍ അതിശക്തമായ വ്യവസായ സൗഹൃദ അന്തരീക്ഷമാണുള്ളതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ ഇരുകൈകളും നീട്ടിയാണ് മുംബൈ മലയാളി വ്യവസായികള്‍ സ്വാഗതം ചെയ്തത്.

മുംബൈയിലെ ഹോട്ടല്‍ വ്യവസായ രംഗത്തെ പ്രമുഖനായ വിവേക് നായര്‍, വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ പ്രിന്‍സ് വൈദ്യന്‍, കെട്ടിട നിര്‍മ്മാണ രംഗത്തെ പ്രമുഖനായ ഡോ റോയ് ജോണ്‍ മാത്യു, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വ്യവസായിയുമായ കുമാരന്‍ നായര്‍, കയറ്റുമതി രംഗത്തെ പ്രമുഖനായ എം കെ നവാസ്, എത്തനോള്‍ ഉല്‍പ്പാദന രംഗത്ത് ശ്രദ്ധേയനായ സുകുമാര പണിക്കര്‍ തുടങ്ങിയ മുംബൈയിലെ വ്യവസായ സമൂഹം പ്രത്യാശയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയോട് പ്രതികരിച്ചത്.

സംസ്ഥാനത്ത് നല്ല തോതില്‍ നിക്ഷേപങ്ങള്‍ വിവിധ മേഖലകളിലായി ആകര്‍ഷിക്കാന്‍ കഴിയുന്നുണ്ടെന്ന കാര്യങ്ങള്‍ നിസാന്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ വന്നതിനെ തെളിവായി ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി സംസാരിച്ചത്. അന്താരാഷ്ട്ര പ്രശസ്തിയുള്ള ഒട്ടേറെ സ്ഥാപനങ്ങള്‍ സംസ്ഥാനത്തേക്ക് വരികയാണെന്നും അദ്ദേഹം കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സിന്റെ ചേമ്പര്‍ അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ സൂചിപ്പിച്ചു. നാട്ടില്‍ വ്യവസായം നടത്താന്‍ പ്രാപ്തരായ ആളുകളുടെ വ്യവസായം നല്ലതോതില്‍ അഭിവൃദ്ധിപ്പെട്ടു പോകണമെന്നത് കൊണ്ടാണ് ലൈസന്‍സ് ലഭിക്കുന്നതിന് ചില പുതിയ കാര്യങ്ങള്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Advertisements

കേരളത്തില്‍ സ്വന്തമായി ഒരു സംരംഭം തുടങ്ങുവാന്‍ ആലോചിക്കുന്ന പ്രവാസികള്‍ക്ക് പ്രചോദനം നല്‍കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നാണ് പ്രിന്‍സ് വൈദ്യന്റെ ആദ്യ പ്രതികരണം. ബന്ധപ്പെട്ട വകുപ്പുകളില്‍ അനുമതിക്കും മറ്റുമായി നേരിട്ട് കൊണ്ടിരുന്ന ബുദ്ധിമുട്ടുകളാണ് പല ചെറുകിട വ്യവസായികളെയും അകറ്റി നിര്‍ത്തിയിരുന്നത്. മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നുവെന്നും ഉടനെ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി സംരംഭകരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയണമെന്നും പ്രിന്‍സ് വൈദ്യന്‍ അഭിപ്രായപ്പെട്ടു. നിയമത്തിന്റെ നൂലാമാലകള്‍ പറഞ്ഞു നിക്ഷേപകരെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാഹചര്യം അനുകൂലമായാല്‍ താനടക്കമുള്ള പ്രവാസികള്‍ ജന്മനാട്ടില്‍ നിക്ഷേപം നടത്തുവാന്‍ മുന്നോട്ടു വരുന്ന കാലം വിദൂരമല്ലെന്നു പ്രിന്‍സ് ഉറപ്പ് നല്‍കി.

കേരള സര്‍ക്കാരിന്റെ വ്യവസായ സൗഹൃദ സമീപനത്തെ ശ്ലാഘിച്ചു കൊണ്ടാണ് കെട്ടിട നിര്‍മ്മാണ രംഗത്തെ പ്രമുഖനായ ഡോ റോയ് ജോണ്‍ മാത്യു സംസാരിച്ചത്. മുംബൈ, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളോട് കിട പിടിക്കുന്ന വ്യവസായ സംരംഭങ്ങള്‍ കേരളത്തില്‍ തുടങ്ങാനാകുമെന്നും അദ്ദേഹം പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സ്റ്റാമ്ബ് ഡ്യൂട്ടി, റജിസ്‌ട്രേഷന്‍ കൂടാതെ ബാങ്ക് ലോണ്‍ തുടങ്ങിയ നടപടി ക്രമങ്ങള്‍ ലഘൂകരിക്കണമെന്നും ഡോ ജോണ്‍ മാത്യു പറഞ്ഞു.

കേരള മുഖ്യമന്ത്രിയുടെ വാക്കുകള്‍ പ്രചോദനം നല്‍കുന്നതാണെന്നും കേരളത്തെ ഒരു വ്യവസായ സൗഹൃദ സംസ്ഥാനമാക്കുവാനുള്ള നടപടി ക്രമങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും ഹോട്ടല്‍ വ്യവസായ രംഗത്തെ പ്രമുഖനായ വിവേക് നായര്‍ പറഞ്ഞു. കേരളത്തില്‍ നടക്കുന്ന എല്ലാ വികസന സംരംഭങ്ങളെയും സ്വാഗതം ചെയ്തിട്ടുള്ളവരാണ് പ്രവാസി മലയാളികളെന്നാണ് മുംബൈയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഹോട്ടല്‍ വ്യവസായിയുമായ കുമാരന്‍ നായര്‍ പറഞ്ഞത്.

കയറ്റുമതി രംഗത്തെ പ്രമുഖനായ എം കെ നവാസ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്തു.ജന്മ നാട്ടില്‍ നിക്ഷേപം നടത്താനും പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാനും പ്രവാസി മലയാളികള്‍ക്ക് ലഭിക്കുന്ന വലിയൊരു അവസരമാണ് കേരള സര്‍ക്കാര്‍ തുറന്നിടുന്നതെന്ന് നവാസ് കൂട്ടിച്ചേര്‍ത്തു.

പോയ വാരം കേരള വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പുണെയിലെ വ്യവസായികളെ പങ്കെടുപ്പിച്ചു നടത്തിയ വ്യാവസായിക സെമിനാറിനും അനുകൂലമായ പ്രതികരണമാണ് പ്രദേശത്തെ വ്യവസായ സമൂഹം നല്‍കിയത്. സമാനമായ സെമിനാര്‍ മുംബൈയിലും സംഘടിപ്പിച്ചു കേരളത്തിലെ വ്യവസായ സാധ്യതകളെയും അനുകൂലമായ നൂതന സംരംഭങ്ങളെയും പരിചയപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് വ്യവസായ വകുപ്പും കിന്‍ഫ്രയും.

Share news

Leave a Reply

Your email address will not be published. Required fields are marked *