മത്സ്യത്തില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: കേരളത്തിന്റെ അതിര്‍ത്തികളില്‍ നിന്നും ഫോര്‍മാലിന്‍ കലര്‍ന്ന മീന്‍ പിടിച്ചെടുത്ത സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു.
ഭക്ഷ്യ വസ്തുക്കളില്‍ വിഷം കയറ്റി അയക്കുന്നത് ഒരിക്കലും അനുവദിക്കാന്‍ പാടില്ലാത്തതാണ്. ഇത് അവസാനിപ്പിക്കാനുള്ള കര്‍ശന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുക. ഇത് ആരോഗ്യ വകുപ്പിന്റെ കീഴില്‍ മാത്രം വരുന്ന കാര്യമല്ല. അതിനാല്‍ സര്‍ക്കാര്‍ കൂട്ടായാണ് ഈ വിഷപ്രയോഗത്തെ നേരിടുക. ശക്‌തമായ നടപടി വേണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

പിടിച്ചെടുത്ത മീനുകള്‍ അവ കയറ്റികൊണ്ടുവന്ന ഇടങ്ങളിലേക്ക് തിരിച്ചയച്ച് അവിടെതന്നെ നശിപ്പിക്കാനാണ് തീരുമാനം. 28,000 കിലോ മീനാണ് ഇവരെ പിടിച്ചെടുത്തത്. കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിഷം കലര്‍ത്തിയ മീന്‍ കേരളത്തിലേക്ക് എത്തുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം സാഗര്‍ റാണി എന്ന മിഷന്‍ തുടങ്ങിയത്. ഈ അന്വേഷണത്തിലാണ് ഫോര്‍മാലിന്‍ അടക്കമുള്ള വിഷ വസ്തുക്കള്‍ അടങ്ങിയ മീന്‍ കേരളത്തിലേക്ക് വരുന്നുണ്ട് എന്ന് മനസിലാക്കാനായത്. സാഗര്‍ റാണിയുടെ പ്രവര്‍ത്തനം തുടരും. കഴിഞ്ഞ ദിവസങ്ങളില്‍ ചെക്ക് പോസ്‌റ്റുകളില്‍ നടത്തിയ പരിശോധനയില്‍ വിഷം കലര്‍ത്തിയ മീന്‍ കണ്ടെത്തുകയും മടക്കി അയക്കുകയും ചെയ്‌തിട്ടുണ്ട്.

