മിസ്ഡ്‌കോളിലൂടെ തുടങ്ങിയ പ്രണയം: കേസിന് തുമ്പായതും മൊബൈല്‍ ഫോണ്‍

തിരുവനന്തപുരം: പൂവാര്‍ സ്വദേശിനി രാഖി (21)യുടെ കൊലപാതകം സിനിമാ കഥയെ വെല്ലുന്നതാണെന്ന് പൊലീസ്. രാഖിയുടെ കാമുകനും സൈനികനുമായ അമ്പൂരി തട്ടാന്‍മുക്കില്‍ അഖില്‍ എസ് നായരുടെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പിന്‍ഭാഗത്തോടു ചേര്‍ന്നുള്ള ഭൂമിയിലാണ് കുഴിച്ചിട്ട നിലയില്‍ രാഖിയുടെ മൃതദേഹം കണ്ടെത്തിയത്. രാഖിയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അഖിലിനെ നിരന്തരമായി വിളിച്ചിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് കേസിന്റെ ഗതി മാറിയത്.
ഡല്‍ഹിയില്‍ സൈനികനാണ് അഖില്‍. ആറ് വര്‍ഷമായി രാഖിയുമായി അടുപ്പത്തിലായിരുന്നു. ഇരുവരും പരിചയപ്പെട്ടത് ഫോണിലെ മിസ്ഡ് കോളിലൂടെയാണ്. ആറ് വര്‍ഷത്തെ പ്രണയമായിരുന്നു. ഇതിനിടെ മറ്റൊരു യുവതിയുമായി വിവാഹം നിശ്ചയിച്ചതിനെ തുടര്‍ന്ന് ഇരുവരും തര്‍ക്കത്തിലായി. എന്തുവന്നാലും അഖിലിനൊപ്പം മാത്രമേ ജീവിക്കൂ എന്ന് രാഖി തീരുമാനം എടുത്തതായി പൊലീസ് പറയുന്നു.

ജൂണ്‍ 21ന് സുഹൃത്തുക്കള്‍ക്കെന്ന് പറഞ്ഞ് പലഹാരങ്ങള്‍ എല്ലാം എടുത്താണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. എറണാകുളത്ത് കോള്‍ സെന്ററിലാണ് രാഖി ജോലി ചെയ്യുന്നത്. ആദ്യ ദിവസങ്ങളില്‍ വീട്ടുകാര്‍ അന്വേഷിച്ചില്ല. പിന്നീട് മകളെ ഫോണില്‍ വിളിച്ച് കിട്ടാതായതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

21ന് വീട്ടില്‍ നിന്നിറങ്ങിയ രാഖി കാറുമായെത്തിയ അഖിലിനൊപ്പം അമ്പൂരിയിലേക്കാണ് പോയത്. തട്ടാന്‍മുക്കിലെ വീട്ടിലെത്തുമ്പോള്‍ സഹോദരനും അവിടെയുണ്ടായിരുന്നു. സഹോദരന്‍ രാഹുല്‍ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറും സീരിയല്‍ സാങ്കേതിക പ്രവര്‍ത്തകനുമാണ്. രാഖിയെ കഴുത്ത് ഞെരിച്ച് കൊന്നശേഷം കുഴിച്ചുമൂടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ 27ന് അഖിലേഷ് ഡല്‍ഹിയിലെ ജോലിസ്ഥലത്തേക്ക് പോയെന്ന് ബന്ധുക്കള്‍ പറഞ്ഞെങ്കിലും അവിടെ എത്തിയില്ലെന്ന വിവരമാണ് പൊലീസിന് അന്വേഷണത്തില്‍ നിന്ന് വ്യക്തമായത്. ഇതിനു പിന്നാലെ ഇവരുടെ സുഹൃത്ത് ആദര്‍ശ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായി. ആഴ്ചകള്‍ക്കു മുന്‍പ് ഒരു ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ കഴിയുകയായിരുന്ന ആദര്‍ശിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് കൊലപാതകത്തിന്റെ വിവരങ്ങള്‍ ലഭിച്ചതും മൃതദേഹം കണ്ടെടുത്തതും.
ഒരു മാസം പഴക്കമുണ്ടെന്നു കരുതുന്ന മൃതദേഹം ജീര്‍ണിച്ച നിലയിലായിരുന്നു. നഗ്‌നമായ നിലയിലുള്ള മൃതദേഹത്തില്‍ ഉപ്പു വിതറിയിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ പുരയിടം മുഴുവന്‍ പുല്ലുവെട്ടി കിളയ്ക്കുകയും കമുകിന്റെ തൈകള്‍ വച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം രാഖിയുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക.
