KOYILANDY DIARY.COM

The Perfect News Portal

മിനി ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച്‌ 15 പേര്‍ക്ക് പരിക്കേറ്റു

ഫറോക്ക്: ഫറോക്ക് പേട്ട ദേശീയപാതയിലെ ജുമാ മസ്ജിദിന് സമീപം മിനി ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച്‌ 15 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് അപകടംനടന്നത്. ബസ് യാത്രക്കാര്‍ക്കും ലോറി ഡ്രൈവര്‍ക്കും ബസിന് പിന്നില്‍ സഞ്ചരിച്ച ബൈക്ക് യാത്രക്കാരനുമാണ് പരിക്കേറ്റത്.

രാമനാട്ടുകര ഭാഗത്തുനിന്ന് ഫറോക്കിലേക്ക് വരികയായിരുന്ന ഫറോക്ക് – യൂണിവേഴ്‌സിറ്റി റൂട്ടിലോടുന്ന മുസാഫിര്‍ എന്ന ബസ് കോഴിക്കോട് ഭാഗത്തുനിന്ന് തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയില്‍ നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു. അപകടസമയം ബസിന് പിന്നില്‍ നിയന്ത്രണംവിട്ട് വന്നിടിച്ച ബൈക്ക് യാത്രികന്‍ കോടമ്ബുഴ സ്വദേശി നിസാറിന് (40) പരിക്കേറ്റു. ഇടത് കാലിനും തുടയെല്ലിനും ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവര്‍ തമിഴ്‌നാട് കോയമ്ബത്തൂര്‍ തരണംപ്പെട്ടി വിനായക പുരം സ്വദേശി മുരുകന്‍ നഗറില്‍ ശരവണനെ (46) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ ലോറിയുടെ ഡ്രൈവര്‍ കാബിന്‍ വെട്ടിപ്പൊളിച്ച്‌ രക്ഷപ്പെടുത്തിയാണ് ആശുപത്രിയിലെത്തിച്ചത്.

ബസ് യാത്രക്കാരായ ഫറോക്ക് പുറ്റേക്കാട് സ്വദേശി തെക്കേടന്‍ ബാബു (56), ബേപ്പൂര്‍ സായൂജ്യത്തില്‍ ഷ്യാംന (29), ബസ് ഡ്രൈവര്‍ പുത്തൂര്‍ പള്ളിക്കല്‍ സ്വദേശി ഹിദായത്ത് (42), കണ്ടക്ടര്‍ കക്കാട്ടുപാറ സ്വദേശി മുഹമ്മദ് ജുനൈദ് (24), വടകര സ്വദേശി ഗോപാലകൃഷ്ണന്‍ (61), ചേലേമ്ബ്ര സ്വദേശി ഷാജഹാന്‍ (27), കരുവന്‍ തിരുത്തി സ്വദേശി സി.പി. സുബ്രമണ്യന്‍ (49), സ്രബീന കല്ലമ്ബാറ (24), പുറ്റേക്കാട് വാളക്കട നിഷ (34), നല്ലൂര്‍ സ്വദേശി ഉണ്ണി (49 ), കൊളത്തറ ഉപ്പും തറമ്മല്‍ വാഹിന (50), കോടമ്ബുഴ സ്വദേശി സലീം (56), ഇടിമുഴിക്കല്‍ സ്വദേശി അജയ് (20) എന്നിവര്‍ ചുങ്കത്തെ റെഡ്ക്രസന്റ് ആശുപത്രിയില്‍ ചികിത്സ തേടി.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *