മിതമായ നിരക്കില്‍ ഭക്ഷണ സാധനങ്ങള്‍ ലഭ്യമാകും: മെഡിക്കല്‍ കോളേജില്‍ തണല്‍ കാന്റീന്‍ തുറന്നു
കോഴിക്കോട്: മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മിതമായ നിരക്കില്‍ ഭക്ഷണ സാധനങ്ങള്‍ ലഭിക്കുന്ന രീതിയില്‍ തണല്‍ ബില്‍ഡിങ്ങില്‍ കാന്റീന്‍ പ്രവര്‍ത്തനമാരംഭിച്ചു.
എ. പ്രദീപ്കുമാര്‍ എം.എല്‍.എ.യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചതാണ് കെട്ടിടം. ചൊവ്വാഴ്ച രാവിലെ എം.എല്‍.എ. കാന്റീന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഷെറീന വിജയന്‍, ഐ.എം.സി.എച്ച്. സൂപ്രണ്ട് ഡോ. സി. ശ്രീകുമാര്‍, ലേ സെക്രട്ടറി ജയശ്രീ, എച്ച്.ഡി.എസ്. മാനേജര്‍ കെ.പി. ഗിരീഷ് എന്നിവര്‍ സംബന്ധിച്ചു.

2013-ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തില്‍ നൂറ് കിടക്കകളുള്ള ഡോര്‍മിറ്ററി, ന്യായവില മെഡിക്കല്‍ ഷോപ്പ്, കണ്‍സ്യൂമര്‍ ഷോപ്പ് എന്നിവയും എച്ച്.ഡി.എസിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എണ്‍പതോളം പേര്‍ക്ക് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യമുള്ള കാന്റീനില്‍ വെജ്, നോണ്‍ വെജ് ഭക്ഷണ സാധനങ്ങള്‍ ലഭിക്കുമെന്ന് കരാറുകാരന്‍ അറിയിച്ചു. അഞ്ചുപേര്‍ ചേര്‍ന്നാണ് കാന്റീന്‍ കരാര്‍ എടുത്തിരിക്കുന്നത്.




