മിഗ് 29 പറത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന റെക്കോഡ് നേടാനൊരുങ്ങി കശ്മീരി പൈലറ്റായ ആയിഷ

ശ്രീനഗര്‍: യുദ്ധവിമാനമായ മിഗ് 29 പറത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന റെക്കോഡ് നേടാനൊരുങ്ങി കശ്മീരി പൈലറ്റായ ആയിഷ അസീസ്. റഷ്യയിലെ സോകുള്‍ എയര്‍ ബേസില്‍ നിന്നാണ് ആയിഷ മിഗ് വിമാനം പറത്തുക. കഴിഞ്ഞ ആഴ്ചയാണ് ആയിഷക്ക് കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് ലഭിച്ചത്. ശബ്ദവേഗത്തെ മറികടന്ന് ജെറ്റ് വിമാനം പറത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ വനിതയെന്ന പദവിയും 21 കാരിയായ ആയിഷ ഇതോടെ സ്വന്തമാക്കും.
ബോംബെ ഫ്ലെയിങ് ക്ലബില്‍ നിന്ന് 16 ാം വയസിലാണ് ആയിഷ സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് നേടിയത്. നാസയില്‍ നിന്ന് രണ്ട് മാസത്തെ പരിശീലനം ലഭിച്ചു. നാസ പരിശീലനത്തിനായി തെരഞ്ഞെടുത്ത മൂന്ന് ഇന്ത്യക്കാരില്‍ ഒരാളായിരുന്നു ആയിഷ.

ഇന്ത്യന്‍ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസാണ് ആയിഷയ്ക്ക് പ്രചോദനം. കശ്മീരിലെ ബാരാമുല്ല സ്വദേശിയാണ് ആയിഷയുടെ മാതാവ്. പിതാവ് മുംബൈ സ്വദേശിയും. എന്റെ സന്ദേശം കശ്മീരി പെണ്‍കുട്ടികള്‍ അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനിടയാക്കും. നടക്കാത്തതായി ഒന്നുമില്ല. നിങ്ങള്‍ക്ക് ഒരു ലക്ഷ്യമുണ്ടെങ്കില്‍ അത് ഉറപ്പായും നേടിയിരിക്കുമെന്നും ആയിഷ വ്യക്തമാക്കി.
