KOYILANDY DIARY.COM

The Perfect News Portal

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ നടപടി: പ്രതിഷേധം വ്യാപകo പ്രതികരണം പിന്നീടെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: കോഴിക്കോട് കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേര്‍ക്കുണ്ടായ പോലീസ് നടപടിയില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം. പോലീസിന്‍റെ നടപടിയില്‍ അപലപിച്ച്‌ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ കക്ഷി നേതാക്കള്‍ രംഗത്തുവന്നു. അതേസമയം. മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രം പിന്നീട് പ്രതികരിക്കാം എന്ന നിലപാടിലാണ്. സംഭവത്തിന്‍റെ വിശദാംശങ്ങള്‍ അറിയില്ല. അറിഞ്ഞശേഷം പ്രതികരിക്കാമെന്നും പിണറായി പറഞ്ഞു.

പോലീസ് നടപടി ദൗര്‍ഭാഗ്യകരമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്ത് മാധ്യമ സ്വാതന്ത്ര്യം ഉറപ്പുവരുത്തണം. ഇതിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. മാധ്യമങ്ങളെ വിലക്കുന്ന നടപടി നിര്‍ഭാഗ്യകരമാണ്. വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് കോടതിയാണെങ്കിലും സര്‍ക്കാര്‍ ഇടപെടലും ഉണ്ടാവണമെന്നും കാനം ആവശ്യപ്പെട്ടു.

മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്ത പോലീസ് നടപടി തെറ്റായിപോയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ പ്രതികരിച്ചു. സംഭവത്തില്‍ സംസ്ഥാനം ലജ്ജിക്കേണ്ടിയിരിക്കുന്നു. പോലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ നടപടിയില്‍ യാതൊരു ന്യായീകരണവുമില്ല. കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണം. മാധ്യമ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല. മാധ്യമപ്രവര്‍ത്തകക്കുള്ള കോടതി വിലക്ക് മാറ്റാനുള്ള നടപടി സ്വീകരിക്കണo. വിലക്ക് നീക്കാന്‍ ഹൈക്കോടതി മുന്‍കൈ എടുക്കണം. എത്രയും വേഗം തെറ്റ് തിരുത്തണം. അല്ലെങ്കില്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാകുമെന്നും സുധീരന്‍ മുന്നറിയിപ്പ് നല്‍കി.

Advertisements

മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്, ഇ.പി ജയരാജന്‍ എന്നിവരും അപലപിച്ചു.

Share news