KOYILANDY DIARY.COM

The Perfect News Portal

മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന അതിക്രമo മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയാണെന്ന് കുമ്മനം രാജശേഖരന്‍

കോട്ടയം: സംസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവം അതാണ് തെളിയിക്കുന്നത്. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലാണ് തര്‍ക്കമെന്നായിരുന്നു ഇത്രനാളും മുഖ്യമന്ത്രി വിശദീകരിച്ചത്.

എന്നാല്‍ കോടതിയുടേയോ അഭിഭാഷകരുടേയോ ഭാഗത്തുനിന്ന് ആവശ്യമുണ്ടാകാതെ തന്നെ മാധ്യമപ്രവര്‍ത്തകരെ കോടതി പരിസരത്തുനിന്ന് ബലമായി കസ്റ്റഡിയിലെടുത്തത് ആഭ്യന്തര വകുപ്പിന്റെ അറിവില്ലാതെയാണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. സംസ്ഥാനത്ത് ഉണ്ടായ അഭിഭാഷക- മാധ്യമ തര്‍ക്കത്തിനു പിന്നില്‍ മറ്റാരുടേയോ അജണ്ട ഉണ്ടെന്ന് നേരത്തെ തന്നെ സംശയം ഉയര്‍ന്നിരുന്നു. കോഴിക്കോട് സംഭവത്തിനു ശേഷം ഇതിനു പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

മാധ്യമങ്ങളെ കോടതിയില്‍നിന്ന് ആട്ടിയോടിക്കണം എന്നത് പിണറായി വിജയന്‍ സര്‍ക്കാരിന്റെ രഹസ്യ അജണ്ടയാണ്. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാമെന്ന വ്യാമോഹമാണ് ഇതിനു പിന്നില്‍. ഇതിനെ എന്തുവില കൊടുത്തും ബിജെപി ചെറുക്കുമെന്നും കുമ്മനം കോട്ടയത്ത് പറഞ്ഞു.

Advertisements
Share news