KOYILANDY DIARY

The Perfect News Portal

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചത് 5.47ന്; 8 മണിക്ക് ഫട്‌നാവിസ് അധികാരമേറ്റു

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ ട്വിസ്റ്റ് സംഭവിച്ചത് തികഞ്ഞ ആസൂത്രണത്തോടെയാണ് വ്യക്തമാകുന്നു. രാഷ്ട്രപതി ഭരണം പിന്‍വലിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് ഇറക്കിയതിന് പിന്നാലെ പുതിയ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തു. ശനിയാഴ്ച പുലര്‍ച്ച 5.47നാണ് രാഷ്ട്രപതി ഭരണം പിന്‍വലിച്ചത്. രണ്ട് മണിക്കൂര്‍ പിന്നിടുമ്ബോള്‍ ഫട്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 8.15ന് ശേഷമാണ് എല്ലാ മാധ്യമങ്ങളിലും ഫട്‌നാവിസിന്റെ സത്യപ്രതിജ്ഞ സംപ്രേഷണം ചെയ്തത്. തികഞ്ഞ ആസൂത്രണമില്ലാതെ ഇതെല്ലാം നടക്കില്ലെന്ന് നിരീക്ഷകര്‍ പറയുന്നു. മാത്രമല്ല, മിക്ക നേതാക്കളെയും അറിയിക്കാതെയാണ് ഈ നീക്കങ്ങളെല്ലാം നടന്നത് എന്നതും ശ്രദ്ധേയമാണ്.

ബിജെപി-എന്‍സിപി സഖ്യസര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച്‌ വെള്ളിയാഴ്ച രാത്രി വരെ യാതൊരു സൂചനയും ഒരുനേതാക്കള്‍ക്കും ലഭിച്ചിരുന്നില്ല. രാവിലെ ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെയാണ് എല്ലാവരും അമ്ബരന്നത്. എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി. താന്‍ ഒന്നും അറിഞ്ഞില്ലെന്നാണ് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പറയുന്നത്. എന്നാല്‍ പിന്തുണ നല്‍കിയതില്‍ ശരദ് പവാറിന് നന്ദി പറഞ്ഞിരിക്കുകയാണ് ഫട്‌നാവിസ്.

അതേസമയം, ശരദ് പവാര്‍ ഉച്ചയ്ക്ക് മാധ്യമങ്ങളെ കണ്ട് നിലപാട് വ്യക്തമാക്കും. ശിവസേന നേതാവ് ഉദ്ധവ് താക്കറെയും മാധ്യമങ്ങളെ കാണുന്നുണ്ട്. എന്‍സിപി ചതിച്ചുവെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഉദ്ധവിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേന, എന്‍പിസി, കോണ്‍ഗ്രസ് സഖ്യം തീരുമാനിച്ചതിന് പിന്നാലെയാണ് ബിജെപി തിരക്കിട്ട നീക്കം നടത്തിയത്.

Advertisements

എന്‍സിപിയുടെ നിയമസഭാ കക്ഷി നേതാവാണ് അജിത് പവാര്‍. അദ്ദേഹം ബിജെപിക്കൊപ്പം നിന്നതോടെ മുഴുവന്‍ എന്‍സിപി എംഎല്‍എമാരും തങ്ങള്‍ക്കൊപ്പമാണെന്നും ഫട്‌നാവിസ് സര്‍ക്കാരിന് 170 അംഗങ്ങളുടെ പിന്തുണയുണ്ടെന്നും ബിജെപി നേതാവ് ഗിരീഷ് മഹാജന്‍ പറഞ്ഞു. നിയമസഭാ കക്ഷി നേതാവ് മറുകണ്ടം ചാടിയ സാഹചര്യത്തില്‍ കൂറുമാറ്റ നിയമം ബാധകമാകില്ലെന്നും വിലയിരുത്തപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *