KOYILANDY DIARY.COM

The Perfect News Portal

മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങള്‍ ദാനം ചെയ്തു

തിരുവനന്തപുരം: വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞ യുവാവ് മസ്തിഷ്‌ക മരണം സംഭവിച്ചതോടെ അവയവങ്ങള്‍ ദാനം ചെയ്തു. തിരുവനന്തപുരം നെല്ലിമൂട് കൈവന്‍വിള വേങ്ങനിന്ന പുത്തന്‍വീട്ടില്‍ മോഹനന്റെ മകന്‍ മനു മോഹന്റെ (22) കരള്‍, രണ്ടു വൃക്കകള്‍ എന്നിവ ഇനി മറ്റുള്ളവരിലൂടെ ജീവിക്കും.

എയര്‍പോര്‍ട്ടില്‍ കരാറടിസ്ഥാനത്തില്‍ ഹൗസ് കീപ്പറായി ജോലി നോക്കുകയായിരുന്നു മനുമോഹന്‍. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി കൈവന്‍വിള പെട്രോള്‍പമ്പിനു സമീപം മനുമോഹന്‍ സഞ്ചരിച്ച ബൈക്ക് തെന്നിവീഴുകയായിരുന്നു.

തലയ്ക്കു ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന മനുമോഹനെ അവിടെനിന്ന് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും വെന്റിലേറ്റര്‍ ഒഴിവില്ലാത്തതിനാല്‍ മറ്റൊരു ആശുപത്രിയില്‍ കൊണ്ടുപോയി. പരിശോധനയില്‍ 99 ശതമാനവും മസ്തിഷ്‌കമരണ സാധ്യതയുള്ളതായി കണ്ടെത്തി. മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ സൗകര്യം ലഭ്യമായതിനെത്തുടര്‍ന്ന് ബുധനാഴ്ച മനുമോഹനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Advertisements

മസ്തിഷ്‌കമരണം സ്ഥിരീകരിക്കാനായി ഡി.എച്ച്.എസിന്റെ കീഴില്‍ ജില്ലകള്‍തോറും പ്രത്യേക പരിശീലനം ലഭിച്ച ഡെപ്യൂട്ടി ഡി.എം.ഒ.മാരെ നിയമച്ചിരുന്നു. നാല് ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ആറു മണിക്കൂര്‍ ഇടവിട്ട് രണ്ടു പ്രാവശ്യം മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. രണ്ടു പ്രാവശ്യം ആപ്നിയോ ടെസ്റ്റ് നടത്തി തിരികെ ജീവിതത്തിലേക്കു വരാനുള്ള ഒരു സാഹചര്യവുമില്ലെന്നു ബോധ്യപ്പെട്ടശേഷമാണ് ഡോക്ടര്‍മാര്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്.

ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും ഇടനല്‍കാതെ മസ്തിഷ്‌കമരണം സ്ഥിരീകരിക്കണമെന്ന മന്ത്രി കെ.കെ. ശൈലജയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് എല്ലാ അന്താരാഷ്ട്രാമാനദണ്ഡങ്ങളും അനുസരിച്ച് സ്ഥിരീകരണം. ഇത്തരത്തില്‍ സര്‍ക്കാര്‍മേഖലയില്‍ നടന്ന ആദ്യ മസ്തിഷ്‌കമരണ സ്ഥിരീകരണമായിരുന്നു ഇത്. മസ്തിഷ്‌കമരണം സ്ഥിരീകരിക്കുന്ന ഡോക്ടര്‍മാരിലൊരാള്‍ ആ ആശുപത്രിക്കു പുറത്തുനിന്നുള്ള സര്‍ക്കാര്‍ ഡോക്ടറായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *