KOYILANDY DIARY.COM

The Perfect News Portal

മസ്തിഷ്ക മരണം സംഭവിച്ച സംഗീത ടീച്ചറുടെ ജീവന്‍ ഇനി മൂന്നുപേരില്‍ തുടിക്കും

കോഴിക്കോട്: തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് മസ്തിഷ്ക മരണം സംഭവിച്ച തലശേരി പാലയാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപിക സംഗീത കെ.പിയുടെ അവയവങ്ങള്‍ മൂന്ന് പേര്‍ക്ക് പുതുജീവനേകി. കടുത്ത തലവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ച സംഗീതയുടെ ആരോഗ്യസ്ഥിതി ഗുരുതരമായതിനാല്‍ അടുത്ത ദിവസം കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനോടകം രോഗം സങ്കീര്‍ണ്ണമാവുകയും ബുധനാഴ്ച വൈകീട്ടോടെ മസ്തിഷ്ക മരണം സംഭവിക്കുകയുമായിരുന്നു.

സാമൂഹികമായ ഇടപെടലുകളില്‍ സജീവമായിരുന്ന ടീച്ചര്‍ നേരത്തെ മരണാനന്തര അവയവ ദാനത്തിനുള്ള താല്‍പര്യം സഹപ്രവര്‍ത്തകരോടും കുടുംബത്തോടും പങ്കുവെച്ചിരുന്നു. അവയവ ദാനത്തിനുള്ള സാദ്ധ്യതകള്‍ ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാര്‍ കുടുംബത്തോട് സംസാരിക്കുകയും കുടുംബം അവയവ ദാനത്തിന് തയ്യാറാവുകയുമായിരുന്നു. സര്‍ക്കാരിന്റെ ‘മൃതസഞ്ജിവനി’യില്‍ രജിസ്റ്റര്‍ ചെയ്തവരെ കണ്ടെത്തി ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു. രാത്രി പത്ത് മണിയോടെ ആരംഭിച്ച ശസ്ത്രക്രിയ രാവിലെ പത്ത് മണിയോടെയാണ് പൂര്‍ത്തിയായത്. സംഗീതയുടെ ഭര്‍ത്താവ് ഷാജേഷ് പ്രവാസിയാണ്. കുവൈത്തില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം അവധിക്ക് നാട്ടിലെത്തിയതാണ്. മക്കള്‍: പുണ്യ (എന്‍ജിനിയറിംഗ് കോളേജ് കണ്ണൂര്‍), പൂജ (സേക്രഡ് ഹാര്‍ട്ട് സ്‌കൂള്‍).

ലിവര്‍ ട്രാന്‍സ്‌പ്ലാന്റ് വിഭാഗം സര്‍ജന്മാരായ ഡോ.സജീഷ് സഹദേവന്‍, ഡോ.നൗഷിഫ്, ഡോ.അഭിഷേക് രാജന്‍, ഡോ. സീതാലക്ഷ്മി, യൂറോളജി വിഭാഗം സര്‍ജന്മാരായ ഡോ. രവികുമാര്‍, ഡോ. അഭയ് ആനന്ദ്, ഡോ. സുര്‍ദാസ് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. അനീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ടീം, നെഫ്രോളജി വിഭാഗം മേധാവി ഡോ. സജിത്ത് നാരായണന്റെ നേതൃത്വത്തിലുള്ള ടീം, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. കിഷോര്‍ കുമാര്‍, ട്രാന്‍സ്‌പ്ലാന്റ് അനസ്തറ്റിസ്റ്റ് ഡോ. രാഗേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമുമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ചത്. ട്രാന്‍സ്‌പ്ലാന്റ് കോ ഓര്‍ഡിനേറ്റര്‍ അന്‍ഫി മിജോയുടെ മേല്‍നോട്ടത്തിലായിരുന്നു ശസ്ത്രക്രിയ.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *