KOYILANDY DIARY

The Perfect News Portal

മലയാളത്തിന്റെ മണിനാദം നിലച്ചിട്ട് രണ്ട് വർഷം

മലയാളികളുടെ പ്രിയപ്പെട്ട കലാഭവൻ മണി ഓർമയായിട്ട് ഇന്ന് രണ്ട് വർഷം പൂർത്തിയാകുകയാണ്. മരണത്തിൽ ദുരൂഹത ഇതുവരെ ചുരുളഴിഞ്ഞിട്ടില്ല. ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്നുള്ള കാര്യത്തിൽ പരസ്പരമുള്ള വാക്പോര് നടക്കുന്നതല്ല ഇന്നും മണിയുടെ മരണം ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുകയാണ്.

2016 മാര്‍ച്ച് ആറാം തീയ്യതി കൊച്ചിയിലെ ആശുപത്രിയില്‍ വെച്ചാണ് കലാഭവന്‍ മണി മരിക്കുന്നത്. ചാലക്കുടി പുഴയോരത്തെ മണിയുടെ വിശ്രമകേന്ദ്രത്തില്‍ നിന്നും അവശനിലയിലായ മണിയെ സുഹൃത്തുക്കളും സഹായികളും ചേര്‍ന്നാണ് ആശുപത്രിയിലെത്തിക്കുന്നത്. എങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആദ്യം മുതലെ മണിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. ഫോറൻസിക് പരിശോധനയിൽ മണിയുടെ ശരീരത്തിൽ നിന്ന് കീടനാശിനികളുടേയും വ്യാജമദ്യത്തിന്റെയും സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് സംശയം സുഹൃത്തുക്കൾക്കെതിരെ നീങ്ങിയത്.

Advertisements

മണിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം ഒരു വഴിക്കും പോകാതെ നീണ്ടു പോയിരുന്നു. ഫോറൻസിക് പരിശോധന ഫലങ്ങളിലെ വൈരുധ്യം ചൂണ്ടിക്കാട്ടി മണിയുടെ സഹോദരൻ ഹൈക്കോടതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

കലഭവൻ മണിയുടെ മരണം സിബിഐ കൊച്ചി യൂണിറ്റാണ് അന്വേഷിക്കുന്നത്. തുടർന്ന് 2017 മെയിൽ അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. സിനിമ രംഗത്തുള്ള സുഹൃത്തുക്കൾ അടക്കം നിരവധി പേരുടെ മൊഴി ഇതിനോടകം തന്നെ എടുത്തിട്ടുണ്ട്..

കലാഭവൻ മണിയുടെ ഇടപാടുകളെ കുറിച്ചും സ്വത്ത് വിവര കണക്കുകളെ കുറിച്ചുമുള്ള വിവരങ്ങൾ സിബിഐ ശേഖരിച്ചിട്ടുണ്ട്. കൂടാതെ കുടുംബവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സിബിഐയ്ക്ക് കൈമാറിയെന്ന് സഹോദരൻ ആർഎൽവി രാമകൃഷ്ണൻ പറയുന്നു. എന്നാൽ അന്വേഷണം എവിടെയെത്തിയെന്നറിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കേസിന്റെ തുടക്കം മുതൽതന്നെ മണിയുടെ കുടുംബം ചില സുഹൃത്തുക്കൾക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ഇവർക്കെതിരെ തെളിവില്ലെന്നാണ് പുറത്തു വരുന്ന വിവരം. അതെസമയം അന്വേഷണം ഉടൻ പൂ‍ർത്തിയാക്കി റിപ്പോർട്ട് നൽകുമെന്നാണ് സിബിഐ വൃത്തങ്ങൾ നൽകുന്ന സൂചന.

Leave a Reply

Your email address will not be published. Required fields are marked *