KOYILANDY DIARY.COM

The Perfect News Portal

മലബാറിനെ പുരോഗതിയിലേക്ക് നയിച്ചത് വാഗ്ഭടാനന്ദന്റെ പുരോഗമനചിന്തകളും പ്രവര്‍ത്തനങ്ങളുമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

മടപ്പള്ളി: ഒട്ടേറെ അനാചാരങ്ങള്‍ നിലനിന്നിരുന്ന മലബാറിനെ പുരോഗതിയിലേക്ക് നയിച്ചത് വാഗ്ഭടാനന്ദന്റെ പുരോഗമനചിന്തകളും പ്രവര്‍ത്തനങ്ങളുമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരള ആത്മവിദ്യാസംഘം നൂറാം വാര്‍ഷികാഘോഷത്തിന്റെയും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിയുടെ 92-ാം വാര്‍ഷികത്തിന്റെയും ഭാഗമായിനടന്ന കുടുംബസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു കോടിയേരി.

ജന്മി, ജാതിവ്യവസ്ഥയ്ക്കും ബ്രിട്ടീഷ് കൊളോണിയല്‍ വത്കരണത്തിനുമെതിരേ ഒരേസമയം ഇദ്ദേഹം പോരാടി. മനുഷ്യന്‍ കൃത്രിമമായുണ്ടാക്കിയ ഒട്ടേറെ അനാചാരങ്ങള്‍ ഇദ്ദേഹം ഇല്ലാതാക്കി. ഇതിനായി തൊഴിലാളികളുടെ കൂട്ടായ്മ ഉയര്‍ത്തിക്കൊണ്ടുവരാനും സാധിച്ചെന്ന് കോടിയേരി ചൂണ്ടിക്കാട്ടി.

ഏറ്റെടുത്ത പ്രവൃത്തികള്‍ പറഞ്ഞ സമയത്തിനുമുമ്ബേ തീര്‍ക്കുന്നതാണ് ഊരാളുങ്കല്‍ സൊസൈറ്റിയുടെ മികവെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇതിലൂടെ ഉണ്ടാക്കിയെടുത്ത വിശ്വാസം വളരെ വലുതാണ്. ചെറിയ തുടക്കമായിരുന്നു സൊസൈറ്റിയുടേതെങ്കിലും ജനങ്ങളുടെ വിശ്വാസംകൊണ്ട് ആകാശംമുട്ടെ വളരാന്‍ സാധിച്ചുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ചടങ്ങില്‍ സഹകരണ-ടൂറിസം വികസനമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ആത്മവിദ്യാസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി. കുമാരന്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു.  എം. മുകുന്ദന്‍, ഇ.കുഞ്ഞികൃഷ്ണന്‍, യു.എല്‍.സി.സി.എസ്. ചെയര്‍മാന്‍ രമേശന്‍ പാലേരി, വൈസ് ചെയര്‍മാന്‍ വി.കെ. അനന്തന്‍ എന്നിവര്‍ സംസാരിച്ചു. സൊസൈറ്റിയുടെ പഴയകാല തൊഴിലാളികളായ കാട്ടില്‍ ശങ്കരന്‍, എസ്.കുമാരന്‍, പി.കെ.കണാരന്‍ എന്നിവരെയും വാഗ്ഭടാനന്ദന്റെ ജീവചരിത്രഗ്രന്ഥാക്കളെയും ഡോക്യുമെന്ററി നിര്‍മാതാവിനെയും പ്രാര്‍ഥനാഞ്ജലി സംവിധായകനെയും ചടങ്ങില്‍ ആദരിച്ചു. സൊസൈറ്റിതൊഴിലാളികളുടെയും ജീവനക്കാരുടെയും കലാപരിപാടികളും അരങ്ങേറി.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *