KOYILANDY DIARY

The Perfect News Portal

മലപ്പുറം സംഭവം: കോഴിക്കോട് കലക്ടറേറ്റിൽ സുരക്ഷ ശക്തമാക്കുന്നു

കോഴിക്കോട്: മലപ്പുറം കളക്ടറേറ്റ് വളപ്പിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടറേറ്റിലെ സുരക്ഷ ശക്തമാക്കുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ പുതിയ സുരക്ഷാസംവിധാനം നിലവില്‍വരും. ജില്ലാ കളക്ടര്‍ എന്‍. പ്രശാന്തിന്റെ നേതൃത്വത്തില്‍ പൊലീസ്, ഫയര്‍സര്‍വീസ്, റവന്യൂവിഭാഗം ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. സുരക്ഷാമാനദണ്ഡങ്ങളെപ്പറ്റി സിറ്റി പൊലീസ് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കളക്ടറേറ്റ് വളപ്പില്‍ വിവിധ കാരണങ്ങളാല്‍ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങള്‍ മാറ്റാനും സന്ദര്‍ശകരുടെ രജിസ്റ്റര്‍ സൂക്ഷിക്കുക, ചുറ്റുമതില്‍ കെട്ടുക, കവാടങ്ങള്‍ ഓഫീസ് സമയത്തിന് ശേഷം അടച്ചിടുക തുടങ്ങിയവ പാലിക്കാനും നിര്‍ദ്ദേശിച്ചിരുന്നു.

നിലവില്‍ ജില്ലാ കളക്ടറുടെ മുറിക്ക് സമീപം മാത്രമേ രണ്ട് പൊലീസുകാരെ നിയോഗിച്ചിട്ടുള്ളൂ. ഇതുകൂടാതെ കളക്ടറേറ്റ് സ്ഥിതി ചെയ്യുന്ന ഇ -ബ്ളോക്കിന്റെയും മറ്റ് സ്ഥലങ്ങളിലേയും സുരക്ഷയ്ക്കായി ഒരു സാര്‍ജന്റ്, സഹായികളായി സി – ബ്ലോക്കില്‍ രണ്ട് ചൗക്കിദാര്‍ എന്നിവരാണുള്ളത്. ഇതല്ലാതെ സുരക്ഷയ്ക്കായി മറ്റ് സംവിധാനങ്ങളൊന്നും നിലവിലില്ല. കളക്ടറേറ്റില്‍ മാത്രമായി 200 ജീവനക്കാരുണ്ട്. അനുബന്ധ ഓഫീസുകളിലും വിവിധ വകുപ്പുകളിലുമായി 2000 ല്‍ പരം ജീവനക്കാരുമുണ്ട്.

1996 ഒക്ടോബര്‍ നാലിന് നൂലുണ്ടയും കളിത്തോക്കുമായി അയ്യങ്കാളിപ്പടയുടെ പ്രവര്‍ത്തകര്‍ പാലക്കാട് ജില്ലാ കളക്ടറായിരുന്ന ഡബ്ലു.ആര്‍ റെഡിയെ ബന്ദിയാക്കിയിരുന്നു. ഈ സംഭവത്തിന് ശേഷമായിരുന്നു സിറ്റി പൊലീസിന്റെ സുരക്ഷാ നിര്‍ദ്ദേശം പരിഗണിച്ച്‌ കോഴിക്കോട് കളക്ടറേറ്റില്‍ കളക്ടറുടെ ചേംബറിന് തൊട്ടടുത്ത് ഗാര്‍ഡ് റൂം പ്രവര്‍ത്തനമാരംഭിച്ചത്. അന്ന് മുതല്‍ കളക്ടറുടെ സുരക്ഷയ്ക്കായി ഇവിടെ രണ്ട് പൊലീസുകാരുണ്ട്. ഇതല്ലാതെ സ്ഥിരമായി മറ്ര് സുരക്ഷാസംവിധാനങ്ങളൊന്നുമില്ല.

പുതിയ സുരക്ഷാസംവിധാനം

Advertisements

1  കവാടത്തില്‍ സന്ദര്‍ശകരെ പരിശോധിക്കും
2  പൊലീസ് എയിഡ് പോസ്റ്ര്
3  ജീവനക്കാരുടെ വാഹനങ്ങള്‍ക്കും സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും പ്രത്യേക മേഖല. വാഹനങ്ങളില്‍ പ്രത്യേകം സ്റ്റിക്കര്‍.
    സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കരാര്‍ അടിസ്ഥാനത്തില്‍ പാര്‍ക്കിംഗ് ഫീസ് നല്‍കി സൗകര്യം
4  ജീവനക്കാര്‍ക്ക് ഓഫീസില്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം
5  കെല്‍ട്രോണ്‍ 11.10 ലക്ഷം രൂപ മുടക്കി സി.സി.ടി.വി സ്ഥാപിക്കും

Leave a Reply

Your email address will not be published. Required fields are marked *