മലപ്പുറം പാണമ്പ്രയില്‍ പാചക വാതക ടാങ്കര്‍ മറിഞ്ഞ് വാതകം ചോരുന്നു

മലപ്പുറം: മലപ്പുറത്തെ പാണമ്പ്ര ദേശീയപാതയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞ് വാതകം ചോരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. സമീപത്തുള്ള വീടുകളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് കോഴിക്കോട് – തൃശൂര്‍ ദേശീയ പാതയില്‍ ഗതാഗതം തിരിച്ചുവിട്ടു. ഫയര്‍ഫോഴ്‌സും പൊലീസും രക്ഷാപ്രവര്‍ത്തനം തുടങ്ങി. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. അരകിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. വീടുകളില്‍ തീ കത്തിക്കരുതെന്നും മുന്നറിയിപ്പ് നല്‍കി.
ചേളാരി ഐ.ഒ.സി പ്ലാന്‍റില്‍ നിന്നും എത്തിയ വിദഗ്ധര്‍ ചോര്‍ച്ച തടയാനുള്ള ശ്രമം തുടങ്ങി. മംഗലാപുരത്ത് നിന്നും ചേളാരി റീഫില്ലിംഗ് പ്ലാന്‍റിലേക്ക് വരികയായിരുന്ന ലോറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ മുന്നോടെയായിരുന്നു അപകടം. തൊട്ടടുത്ത പള്ളിയില്‍ നിന്നും മൈക്കില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

കോഴിക്കോട് നിന്നും തിരൂരില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്സ് ടാങ്കറിന് മുകളിലേക്ക് വെള്ളമടിച്ച് അപകടം തടയാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് .

