KOYILANDY DIARY

The Perfect News Portal

മലപ്പുറം ജില്ലയിലെ 8000 പാസ്പോര്‍ട്ടുകള്‍ അച്ചടിക്കാതെ കെട്ടിക്കിടക്കുന്നു

മലപ്പുറം: മലപ്പുറം പാസ്പോര്‍ട്ട് ഓഫീസ് അടച്ച്‌ പൂട്ടി കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസുമായി ലയിപ്പിച്ചതോടെ മലപ്പുറം ജില്ലയിലെ 8000 പാസ്പോര്‍ട്ടുകള്‍ അച്ചടിക്കാതെ കോഴിക്കോട് കെട്ടിക്കിടക്കുന്നു. ഇതോടെ ദുരിതത്തിലായതു മലപ്പുറത്തെ പാസ്പോര്‍ട്ട് അപേക്ഷകരാണ്.

കഴിഞ്ഞ 17നാണ് മലപ്പുറം പാസ്പോര്‍ട്ട് ഓഫീസ് അടച്ച്‌ പൂട്ടിയത്. ചെലവ് ചുരുക്കാനെന്ന പേരിലാണ് കേന്ദ്രസര്‍ക്കാര്‍ മലപ്പുറം പാസ്പോര്‍ട്ട് ഓഫീസിന് താഴിട്ടത്. ഇതിനെതിരെ രാഷ്ട്രീയപാര്‍ട്ടികളും നാട്ടുകാരും രംഗത്ത് എത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല.

അതേ സമയം കോഴിക്കോടെ കംപ്യൂട്ടര്‍ നെറ്റ് വര്‍ക്കിലെ തകരാറാണ് പ്രിന്റിങ് മുടങ്ങാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. മലപ്പുറത്തുണ്ടായിരുന്ന നാല് പ്രിന്ററുകള്‍ കോഴിക്കോട്ടേക്ക് കൊണ്ട് പോയിരുന്നെങ്കിലും സമയത്തിന് പാസ്പോര്‍ട്ട് നല്‍കാന്‍ കഴിയാതെ ദുരിതത്തിലായിരിക്കുയാണ് ജീവനക്കാര്‍.

Advertisements

വിദേശകാര്യ മന്ത്രാലയം നല്‍കുന്ന പാസ്പോര്‍ട്ട് ബുക്ക്ലെറ്റില്‍ പേരും വിലാസവും മറ്റു വിവരവും ചേര്‍ക്കേണ്ടത് അതത് ഓഫീസുകളാണ്. നേരത്തെ ഇത് ചെയ്തിരുന്നത് മലപ്പുറം കിഴക്കേത്തലയിലുള്ള ഓഫീസിലായിരുന്നു. ഇതാണ് ഇപ്പോള്‍ മുടങ്ങിയിരിക്കുന്നത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ള പാസ്പോര്‍ട്ട് ഓഫീസുകളില്‍ ഒന്നായിരുന്നു മലപ്പുറത്തേത്.

പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കാന്‍ മലപ്പുറം സേവാകേന്ദ്രത്തില്‍ എത്തിയാല്‍ മതിയെങ്കിലും അനുവദിക്കേണ്ടത് കോഴിക്കോട് കേന്ദ്രമാണ്. പോലീസ് നടപടികള്‍ അടക്കമുള്ളവ കഴിഞ്ഞവരുടെ പാസ്പോര്‍ട്ടുകളാണ് അച്ചടിക്കാനാവാതെ കോഴിക്കോട് കെട്ടികിടക്കുന്നത്.

രാജ്യത്തെ ഏറ്റവും തിരക്കേറിയ പാസ്പോര്‍ട്ട് ഓഫീസുകളിലൊന്നായാണു മലപ്പുറത്തെ പാസ്പോര്‍ട്ട് ഓഫീസ് അറിയപ്പെട്ടിരുന്നത്.

പുതിയ പാസ്പോര്‍ട്ടിനും, പഴയത് പുതുക്കുന്നതിനുമായി നിരവധി പേരാണ് ദിവസവും മലപ്പുറം മേഖലാ പാസ്പോര്‍ട്ട് ഓഫീസില്‍ എത്താറുള്ളത്.

ഇത് അടച്ചുപൂട്ടിയതോടെ കോഴിക്കോട് ഓഫീസിന്റെ തിരക്ക് വര്‍ധിക്കുകയും ജനങ്ങള്‍ക്ക് അടിയന്തരമായി ലഭിക്കേണ്ട സേവനം നിഷേധിക്കപ്പെടുകയും ചെയ്യുമെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. മലപ്പുറം ജില്ലക്കാരും വയനാട്ടിലെ കുറച്ചു ഭാഗത്തെയും ആളുകള്‍ മലപ്പുറം കേന്ദ്രത്തെയാണ് ആശ്രയിച്ചിരുന്നത്.

അതേ സമയം സേവാകേന്ദ്രം മലപ്പുറത്ത് തുടരുന്നതിനാല്‍ പുതിയ അപേക്ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്നാണ് അധികൃതരുടെ വിശദീകരണം. പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ മാത്രമാണ് ഇവിടെ നടക്കുക. ആവശ്യക്കാര്‍ കോഴിക്കോട്ടെ പാസ്പോര്‍ട്ട് ഓഫീസിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്.

രാജ്യത്തെ 31ാമത്തെ പാസ്പോര്‍ട്ട് ഓഫീസായിരുന്നു മലപ്പുറത്തേത്. 2006 ആഗസ്ത് 26നാണ് ഈ കേന്ദ്രം സ്ഥാപിതമാകുന്നത്. അന്തരിച്ച കേന്ദ്രമന്ത്രിയും മുസ് ലിംലീഗ് ദേശീയ അധ്യക്ഷനുമായിരുന്ന ഇ.അഹമ്മദിന്റെ കഠിന പരിശ്രമത്തെത്തുടര്‍ന്നാണ് മൂന്നു പതിറ്റാണ്ടു കാലത്തെ ആവശ്യത്തിന് പരിഹാരമായത്.

കരിപ്പൂര്‍ വിമാനത്താവളത്തെ തഴഞ്ഞ അതേ നീക്കമാണ് മലപ്പുറം പാസ്പോര്‍ട്ട് ഓഫീസിനു നേരെയുമുണ്ടായതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ലക്ഷകണക്കിനു പേരുടെ ദുരിതം അവഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നീക്കം കൈകൊണ്ടത്.

കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച്‌ മലപ്പുറം പാസ്പോര്‍ട്ട് ഓഫീസില്‍ നിന്ന് 1,93,451 പേരാണ് പാസ്പോര്‍ട്ടിന് അപേക്ഷിച്ചത്. അനുബന്ധ സേവനങ്ങളുടെ എണ്ണമാവട്ടെ 2,04,651 ഉം. ഇത്രയും പേര്‍ ഇനി കോഴിക്കോടിനെ ആശ്രയിക്കേണ്ടി വരും.

 

Leave a Reply

Your email address will not be published. Required fields are marked *