മരുതോങ്കര ഉരുള്‍പൊട്ടിയുണ്ടായ മലവെള്ളപ്പാച്ചിലില്‍പെട്ട രണ്ടുപേരുടെ മൃതദേഹം കൂടി തിങ്കളാഴ്ച കിട്ടി

കുറ്റ്യാടി(കോഴിക്കോട്) : മരുതോങ്കര പഞ്ചായത്തിലെ പശുക്കടവ് മാവട്ടത്ത് ഉരുള്‍പൊട്ടിയുണ്ടായ മലവെള്ളപ്പാച്ചിലില്‍പെട്ട രണ്ടുപേരുടെ മൃതദേഹം കൂടി തിങ്കളാഴ്ച കിട്ടി. ഒരാളുടെ മൃതദേഹം ഞായറാഴ്ച കിട്ടിയിരുന്നു.മൂന്നുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കടന്തറപുഴയില്‍ കുളിക്കാനിറങ്ങിയ ഒന്‍പത് പേരാണ് അപകടത്തില്‍പെട്ടത്. മൂന്നുപേര്‍ രക്ഷപ്പെട്ടിരുന്നു.
കക്കുഴി കുന്നുമ്മല്‍ കോതോട് മരത്തോങ്കര സ്വദേശി ഷൈന്‍ ശശി (18),അക്ഷയ് (19) എന്നിവരുടെ മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ ലഭിച്ചത്. മരുതോങ്കര കോതോട് രാമകൃഷ്ണന്റെ മകന്‍ രജീഷിന്റെ (ചിണ്ടന്‍– 24) മൃതദേഹം ഇന്നലെ തന്നെ കിട്ടിയിരുന്നു.

ഞായറാഴ്ച പകല്‍ നാലരയോടെ പൂഴിത്തോട് ജലവൈദ്യുതി പദ്ധതിയുടെ അണക്കെട്ടിന് സമീപം കടന്തറ പുഴയില്‍ കുളിച്ചുകൊണ്ടിരിക്കെയാണ് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടത്. ഇവിടെ നിന്നും ഒന്നര കിലോമീറ്റര്‍ അകലെ മാവട്ടത്ത് ഉള്‍വനത്തിലാണ് ഉരുള്‍പൊട്ടിയത്. കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ പുഴയില്‍ വെള്ളം ഉയരുകയായിരുന്നു. വിനീഷും അമലും നീന്തി രക്ഷപ്പെട്ടു. ഒഴുക്കില്‍പ്പെട്ട ജിഷ്ണുവിനെ താഴ്പുരയിടത്തില്‍ റോയിച്ചന്‍ രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷപ്പെടുത്തിയവരെ പിന്നീട് കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തെരച്ചില്‍ നടക്കവെ രാത്രി 11ഓടെ മാവട്ടത്ത് പുഴയിലെ തുരുത്തില്‍ അടിഞ്ഞ നിലയില്‍ രജീഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

അപകടസ്ഥലത്തുനിന്നും 12 കിലോമീറ്ററോളം അകലെയുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. സുഹൃത്തുക്കളായ ഇവര്‍ ആദ്യമായാണ് ഇവിടെ എത്തിയത്. വിഷ്ണു ഡിവൈഎഫ്ഐ കോതോട് യൂണിറ്റ് സെക്രട്ടറിയും രജീഷ് പ്രസിഡന്റുമാണ്. മറ്റുള്ളവര്‍ യൂണിറ്റ് കമ്മിറ്റി അംഗങ്ങളുമാണ്. അശ്വന്ത് പേരാമ്പ്ര മേഴ്സി കോളേജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും സജിന്‍ കുറ്റ്യാടി ആര്‍ട്സ് കോളേജ് പ്ളസ് ടു വിദ്യാര്‍ഥിയും അക്ഷയ് പേരാമ്പ്ര സ്വകാര്യ ഐടിഐ വിദ്യാര്‍ഥിയുമാണ്.
തൊട്ടില്‍പാലം പൊലീസ്, നാദാപുരത്ത് നിന്നുള്ള അഗ്നിശമന സേന, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഏറെ വൈകിയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കനത്ത മഴയാണ് പ്രധാന തടസ്സം. മന്ത്രിമാരായ ടി പി രാമകൃഷ്ണന്‍, എ കെ ശശീന്ദ്രന്‍, ഇ ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ അപകടസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു.
